മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല; ദൗത്യം പരാജയം

Posted on: August 2, 2013 4:31 pm | Last updated: August 4, 2013 at 8:30 am
SHARE

ramesh chennithala

ന്യൂഡല്‍ഹി: ഒരാഴ്ചയായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളെല്ലാം പാളി. ആഭ്യന്തര വകുപ്പ് നല്‍കാന്‍ എ ഗ്രൂപ്പ് വിസമ്മതിക്കുകയും ഉപമുഖ്യമന്ത്രിപദത്തോട് ലീഗ് വിയോജിക്കുകയും ചെയ്തതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം അടഞ്ഞു. മന്ത്രിയാകാനില്ലെന്നും കെ പി സി സി പ്രസിഡന്റായി തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ച ചെന്നിത്തല, ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് ഇനി താനില്ലെന്നും കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രമേശ് അറിയിച്ചു.

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെതാണെന്നും ഹൈക്കമാന്‍ഡ് ഒരു തീരുമാനവും എടുത്തതായി അറിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. രമേശിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ രമേശിന് നല്‍കുന്ന പദവിയെയും വകുപ്പിനെയും ചൊല്ലിയാണ് വഴിമുട്ടിയത്. മൂന്ന് നിര്‍ദേശങ്ങളാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉയര്‍ന്നുവന്നത്. ആഭ്യന്തര വകുപ്പ് നല്‍കി രമേശിനെ മന്ത്രിയാക്കുക, റവന്യൂ വകുപ്പ് നല്‍കി ഉപമുഖ്യമന്ത്രിയാക്കുക, മന്ത്രിപദവിക്കൊപ്പം കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരുക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍. ഇതില്‍ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഉപമുഖ്യമന്ത്രിപദം സൃഷ്ടിക്കുന്നതിനോട് ലീഗും വിയോജിച്ചു. രണ്ട് പദവികള്‍ നല്‍കുകയെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതുമില്ല.

ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു എ ഗ്രൂപ്പ് നിലപാട്. ആഭ്യന്തര വകുപ്പോ ഉപമുഖ്യമന്ത്രി പദവിയോ ഇല്ലാതെ മന്ത്രിസഭയിലേക്കില്ലെന്നായിരുന്നു രമേശിന്റെയും ഐ ഗ്രൂപ്പിന്റെയും ഉറച്ച നിലപാട്. മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും മാന്യമായ പരിഗണന ലഭിച്ചാല്‍ വരാമെന്ന് സോണിയാ ഗാന്ധിയുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. തന്നെ സന്ദര്‍ശിച്ച രമേശിനോട് പ്രശ്‌നം അനന്തമായി നീട്ടരുതെന്ന് സോണിയ നിര്‍ദേശിച്ചു. ഒറ്റക്കും പിന്നീട് അഹ്മദ് പട്ടേലിന്റെയും മുകുള്‍ വാസ്‌നിക്കിന്റെയും സാന്നിധ്യത്തിലും സോണിയയുമായി രമേശ് ചര്‍ച്ച നടത്തിയത്. വകുപ്പിന്റെ കാര്യത്തില്‍ എ ഗ്രൂപ്പ് വിട്ടുവീഴ്ചക്കില്ലെന്ന് അറിയിച്ചതോടെ ഐ ഗ്രൂപ്പും നിലപാട് കര്‍ക്കശമാക്കുകയായിരുന്നു.