കനത്ത് കാറ്റ്: വണ്ടൂര്‍ മേഖലയില്‍ വ്യാപക നാശം

Posted on: August 2, 2013 8:32 am | Last updated: August 2, 2013 at 8:32 am
SHARE

വണ്ടൂര്‍: കനത്ത കാറ്റിലും മഴയിലും വണ്ടൂര്‍ മേഖലയില്‍ വ്യാപക നാശം. വണ്ടൂര്‍, തിരുവാലി, പോരൂര്‍ പഞ്ചായത്ത് പരിധികളിലെ നിരവധി വീടുകളും കൃഷികളും നശിച്ചു. കൂടാതെ വൈദ്യുതി തൂണുകളും പൊട്ടിവീണു. കമ്പികളിലേക്ക് മരങ്ങള്‍ വീണും നാശമുണ്ടായി. തിരുവാലി കെ എസ് ഇ ബി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ബന്ധവും തകരാറിലായി. ഇന്നലെ രാവിലെ 6.30 ഓടെയാണ് മേഖലയില്‍ വ്യാപക മഴയും കാറ്റുമുണ്ടായത്. തിരുവാലി പഞ്ചായത്ത് പരിധിയിലെ നടുവത്ത് നെല്ലേങ്ങര അച്യുതന്റെ വീടിനടുത്തുള്ള തെങ്ങ്‌പൊട്ടിവീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഓടും കഴുക്കോലുകളും വീണ് ഈസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ കമലം(52), പേരമകന്‍ അഭിനവ് കൃഷ്ണ(എട്ട്) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി പള്ളിയാളി ലക്ഷ്മിയമ്മ വീട്ടുവളപ്പിലെ മാവ് പുരക്ക് മുകളില്‍ വീണ് വീടിന്റെ പൂമുഖം ഭാഗികമായി തകര്‍ന്നു. എ കെ ജി കോളനിയിലെ കൂറ്റമ്പാറ സരോജിനി ,രാജീവ് കോളനിയിലെ കക്കടത്ത് മിനി,വിളക്കത്താല്‍ അബ്ദുല്‍കരീം എന്നിവരുടെ വീടുകളും മരം വീണ് ഭാഗികമായി തകര്‍ന്നു. വണ്ടൂര്‍ പഞ്ചായത്തിലെ കൂവ്വക്കോട് ഇല്ലേങ്ങല കൃഷ്ണകുമാറിന്റെ ഓടിട്ട വീട് തേക്ക് വീണ് അടുക്കളയും ചേര്‍ന്നുള്ള മുറിയുടെയും മേല്‍ക്കൂര തകര്‍ന്നു. കൂവ്വക്കോട് പൈതൃകം കലാസാംസ്‌കാരിക വേദിയുടെ കെട്ടിടത്തിന് മുകളില്‍ റബ്ബര്‍മരം വീണ് ഓട്, പട്ടിക, കഴുക്കോല്‍ എന്നിവ തകര്‍ന്നു. കാപ്പില്‍ ചൗക്കില്‍ കൈനാടന്‍ അഫസല്‍, പച്ചനാട്ടില്‍ ചാക്കോസാമുവല്‍ എന്നിവരുടെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളിലും മരം വീണ് നാശമുണ്ടായി.
കെ എസ് ഇ ബി തിരുവാലി,വണ്ടൂര്‍,വാണിയമ്പലം സെക്ഷന്‍ പരിധികളില്‍ വൈദ്യുതി തൂണുകള്‍ പൊട്ടിയും ലൈനുകളില്‍ മരം വീണും നാശമുണ്ടായി. തിരുവാലി കെ എസ് ഇ ബി സെക്ഷന്‍ പരിധിയില്‍ മൂച്ച് എച്ച് ടി പോസ്റ്റുകളും 16 എല്‍ പി പോസ്റ്റുതകളും കാറ്റില്‍ നിലംപൊത്തി. കൂടാതെ നടുവത്ത്, ചെമ്മരം,വടക്കേകര, വെള്ളാമ്പുറം, പന്തിങ്ങല്‍ ഭാഗങ്ങളില്‍ മരം വീണ് വൈദ്യുതി ലൈനുകളും പൊട്ടി വീണു. വാണിയമ്പലം കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലെ ശാന്തി, അത്താണിക്കല്‍, ഇല്ലിക്കോട്ടുപൊയില്‍ ഭാഗങ്ങളിലും മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. വണ്ടൂര്‍ സെക്ഷ്ന്‍ പരിധിയിലെ ആറ് സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.