കനത്ത കാറ്റില്‍ വ്യാപക നാശം

Posted on: August 2, 2013 8:22 am | Last updated: August 2, 2013 at 8:22 am
SHARE

കൊയിലാണ്ടി/ പേരാമ്പ്ര/ ചക്കിട്ടപാറ: കനത്ത കാറ്റില്‍ കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നൊച്ചാട് പഞ്ചായത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായും കീഴരിയൂരില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
അരിക്കുളത്ത് എട്ട് വീടുകള്‍ക്കാണ് ഭാഗികമായി നാശം നേരിട്ടത്. മേഞ്ഞാണ്യത്ത് ഒരു വീട് ഭാഗികമായി നശിച്ചു. നൊച്ചാട് വില്ലേജിലെ കല്‍പ്പത്തൂര്‍ മട്ടത്ത് തറമ്മല്‍ ശോഭ, കല്‍പ്പത്തൂര്‍ കൂവള്ളില്‍ ശ്രീധരന്‍നായര്‍, വടക്കെ മാവിലമ്പാട് കല്യാണി, കോരമ്പത്ത് ലീല, കല്‍പ്പത്തൂര്‍ താഴെക്കണ്ടി രാജന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അരിക്കുളത്ത് കുന്നോത്ത് കുഞ്ഞിഅമ്മ, കുന്നോത്ത് നാരായണി, ഇന്ദ്രോത്ത് ബീവി ഉമ്മ, കിഴക്കെ മാഞ്ഞോട്ടില്‍ ബാലന്‍, കുന്നത്ത് പാര്‍വ്വതി അമ്മ, കോഴിക്കര കുനി കുട്ടിച്ചെക്കിണി, തോട്ടോളിതാഴ ദേവരാജന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്.
മേഞ്ഞാണ്യത്ത് കല്ലിങ്ങല്‍ അസീസിന്റെ വീട്, കീഴരിയൂര്‍ തൈക്കണ്ടി രശ്മിയുടെ വീട് എന്നിവയും തകര്‍ന്നു. പന്തലായനി വില്ലേജില്‍ അമ്പ്രമോളി കനാലിന് സമീപം മരം കടപുഴകി വീണ്, കൊല്ലറക്കല്‍ ബാലകൃഷ്ണന്റെ ഗര്‍ഭിണിയായ പശു ചത്തു. ഏകദേശം 50,000 രൂപ വിലവരുന്നതാണ് പശു. പേരാമ്പ്ര മേഖലയില്‍ കനത്ത നാശമാണുണ്ടായത്. ചിത്രോത്ത് മൂസയുടെ കട ഭാഗികമായി തകര്‍ന്നു. ഈ കടക്ക് മുകളിലാണ് കാരയാട് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാളിയത്ത് ബാലന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ മുക്കള്ളില്‍ നാല് വീടുകള്‍ തകര്‍ന്നു. കുഴിച്ചാലില്‍ കുഞ്ഞിച്ചന്തുക്കുറുപ്പ്, കോക്കുന്നുമ്മല്‍ ഷൈല എന്നിവരുടെ വീടുകള്‍ പൂര്‍ണമായി നശിച്ചു.
മമ്പാട്ട് മീത്തല്‍ മോഹനന്റെയും നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് മത്തത്ത് തറമ്മല്‍ രവീന്ദ്രന്റെയും വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു.
ചെമ്പ്ര പാത്തിച്ചാല്‍ ഭാഗത്തും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കരയിലും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നരിനട മേഖലയിലും ചുഴലിക്കാറ്റ് നാശം വിതച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ജിലെ മുക്കള്ളില്‍ ജോര്‍ജിന്റെ നൂറോളം വാഴയും 25ല്‍പ്പരം കവുങ്ങും നശിച്ചു.
കല്ലിങ്കല്‍ നാരായണകുറുപ്പിന്റെ വീടിനോട് ചേര്‍ന്ന ആലയുടെ മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. കല്ലിങ്കല്‍ ദാക്ഷായണി അമ്മയുടെ മുപ്പത് വാഴ നശിച്ചു. മണ്ണിപ്പൊല്ലില്‍ ബാബുവിന്റെ കവുങ്ങ്, കോക്കുന്ന് പി രാജന്റെ തെങ്ങുകള്‍, തൊണ്ടന്‍ കുളത്തില്‍ കുര്യന്റെ റബറുകളും പ്ലാവും പടുമരങ്ങളും നശിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം പി സി ഗീതയുടെ റബര്‍ നശിച്ചു. തിയ്യര്‍കുന്നത്ത് നാരായണന്റെ തെങ്ങും മംഗലത്ത്പുര ചാക്കോയുടെ റബറും നശിച്ചു. മമ്പാട്ട് മീത്തല്‍ മോഹനന്റെ തെങ്ങുകളും കവുങ്ങും കോക്കുന്നുമ്മല്‍ ചന്ദ്രന്റെ റബറും നശിച്ചു.
വടകര: ശക്തമായ കാറ്റില്‍ തേക്ക് കടപുഴകി വീണ് ഇരുനില വീട് തകര്‍ന്ന് ഗൃഹനാഥന് പരുക്ക്. വില്യാപ്പള്ളി കെ ബി മേനോന്‍ സ്മാരക സര്‍ക്കാര്‍ ആശുപത്രിക്കടുത്ത് ചെമ്മാണീമ്മല്‍ ഒതയോത്ത് ബാലനാണ് (60) പരുക്കേറ്റത്. ഓടുമേഞ്ഞ ഇരുനില ഓടിട്ട വീടിന്റെ മേല്‍ക്കൂരയും ചുമരും തകര്‍ന്നിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ നെറ്റിയിലാണ് മുറിവേറ്റത്. തൊട്ടടുത്ത മന്ദംകണ്ടി കുഞ്ഞിരാമന്റെ വീടിന് മുകളില്‍ പ്ലാവ് പൊട്ടിവീണ് വീടിന്റെ കുളിമുറി, അടുക്കള എന്നിവ തകര്‍ന്നു.