Connect with us

Kozhikode

തീരദേശത്തെ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാന്‍ നടപടി: നിയമസഭാ സമിതി

Published

|

Last Updated

കൊയിലാണ്ടി: തീരദേശ മേഖലയില്‍ പണിയുന്ന വീടുകള്‍ക്ക് സി ആര്‍ ഇസെഡ് നിയമം മൂലം നമ്പര്‍ ലഭിക്കാന്‍ നേരിടുന്ന പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്ന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള നിയമസഭാ സമിതി അറിയിച്ചു.
ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ യുടെ നേതൃത്വത്തിലുള്ള സമിതി കൊയിലാണ്ടി റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ അറിയിച്ചതാണിത്. മാസങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ ഫിഷിംഗ് ഹാര്‍ബറിന്റെ പ്രവൃത്തി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നിയമസഭാ സമിതി എത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് സമിതി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുത്തു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിതരണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ ഉടനെ വിതരണം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നും മത്സ്യത്തൊഴിലാളികളെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഫിഷറീസ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ സമിതിക്ക് മുമ്പാകെ എത്തി.
തെളിവെടുപ്പിന് ശേഷം സമിതി ഫിഷിംഗ് ഹാര്‍ബര്‍, ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, അയനിക്കാട് ഫിഷറീസ് ഡിസ്പന്‍സറി എന്നിവ സന്ദര്‍ശിച്ചു.
ഫിഷറീസ് സ്‌കൂളിന്റെ വികസനത്തിനായുള്ള പദ്ധതിയും ഹാര്‍ബറിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റിനും കേന്ദ്രതലത്തില്‍ അംഗീകാരം ലഭിക്കുന്നതിന് നടപടി ഉണ്ടാകേണ്ടതാണെന്ന് സമിതി വിലയിരുത്തി. കോഴിക്കോട്ടെ ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്റര്‍, ഇരിങ്ങല്‍ ഫിഷറീസ് റോഡ്, ഇരിങ്ങല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, എലത്തൂര്‍, കൊയിലാണ്ടി മത്സ്യഗ്രാമങ്ങള്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക ഓണത്തിനുമുമ്പ് തീര്‍ത്ത് നല്‍കാനുളള നടപടി കൈക്കൊളളുമെന്ന് സമിതി അറിയിച്ചു. നിയമസഭാ ഉദ്യോഗസ്ഥര്‍, ഫിഷറീസ് മത്സ്യഫെഡ്, തീരദേശ വികസന കോര്‍പറേഷന്‍, തീരദേശ വികസന കോര്‍പറേഷന്‍, മത്സ്യബോര്‍ഡ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, കെ ദാസന്‍ എം എല്‍ എ , നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ ശാന്ത, അനിത മതിലിച്ചേരി, പി കെ ഉണ്ണികൃഷ്ണന്‍, പി വി അബ്ദുല്‍ അസീസ്, കൗണ്‍സിലര്‍മാരായ പി രത്‌നവല്ലി, വി പി ഇബ്‌റാഹിംകുട്ടി, കെ എം നജീബ്, വി വി സുജാത, വി കെ ജയന്‍, അനിത ടി സി എന്നിവരും സംബന്ധിച്ചു.