മലബാറിലെ കൈപ്പാട് അരി ഭൗമസൂചികാ പട്ടികയില്‍

Posted on: August 2, 2013 12:55 am | Last updated: August 2, 2013 at 12:55 am
SHARE

കണ്ണൂര്‍: മലബാറിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷിയില്‍ നിന്ന് ലഭിക്കുന്ന കൈപ്പാട് അരി ഇനി ഭൗമസൂചിക പട്ടികയില്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള ഉത്പ്പന്നങ്ങളെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്ന ആഗോളാംഗീകാരമുള്ള പട്ടികയിലാണ് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലികളിലെ കൈപ്പാട് അരിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ കൈപ്പാട് മേഖലയില്‍ 10 വര്‍ഷം നീണ്ടുനിന്ന പ്രായോഗിക പരീക്ഷണങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ഏഴോം നെല്‍വിത്തുള്‍പ്പടെയുള്ളവ കൃഷി ചെയ്യുന്ന മലബാറിലെ കൈപ്പാട് മേഖലയിലെ മുഴുവന്‍ അരിയിനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നതാണ് ഭൗമസൂചിക പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ പ്രധാന നേട്ടം. ഈ അംഗീകാരം നല്‍കുന്ന ഹൈദരാബാദിലെ ഐ പി ആര്‍ സെല്ലിലെ വിദഗ്ധ സമിതിയാണ് കഴിഞ്ഞ ദിവസം കേരളത്തിലെ കൈപ്പാട് അരി ഉള്‍പ്പടെയുള്ള നാല് ഉത്പ്പന്നങ്ങള്‍ക്ക് ഭൗമ സൂചിക മുദ്ര നല്‍കിയത്. നാഗ്പൂര്‍ ഓറഞ്ച്, വര്‍ളി ആദിവാസി കലോത്പ്പന്നങ്ങള്‍, ധര്‍മാവാരം സാരികള്‍ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ രാജ്യത്തെ മറ്റ് ഉത്പ്പന്നങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പടന്നക്കാട് കാര്‍ഷിക കോളജ് അധ്യാപിക ഡോ. ടി വനജയുടെ നേതൃത്വത്തില്‍ ഏഴോം മലബാര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയാണ് കൈപ്പാട് അരിയുടെ ഗുണമേന്മയടക്കമുള്ള കാര്യങ്ങള്‍ വിദഗ്ധ സമിതിക്കു മുമ്പാകെ അവതരിപ്പിച്ചത്.
കടലിനോടോ പുഴയോടോ ചേര്‍ന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളിലും കോള്‍ നിലങ്ങളിലും നടത്തുന്ന കൈപ്പാട് കൃഷിയുടെ ചരിത്രപരമായ പ്രത്യേകതയാണ് ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തുന്ന ഗവേഷണ കൗണ്‍സില്‍ പ്രധാനമായും പരിഗണിച്ചത്. കേരളത്തില്‍ പണ്ടുമുതല്‍ക്കേയുള്ള കൈപ്പാട് കൃഷിക്ക് രാസവളങ്ങള്‍ ഉപയോഗിക്കുന്നില്ല. മികച്ച പോഷക ഗുണവും ഔഷധ ഗുണവും ഉള്ള ഈയിനം മലബാറില്‍ ഏറ്റവും കൂടുതലായി കണ്ണൂര്‍ ജില്ലയിലാണ് കൃഷി ചെയ്യുന്നത്. ഉപ്പുവെള്ളം കയറുന്ന പ്രദേശത്തെ വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ചാണ് ഈ കൃഷി. ഒരു തവണ നെല്‍കൃഷിയും തുടര്‍ന്ന് മത്സ്യ കൃഷിയുമാണ് കൈപ്പാടിന്റെ പ്രത്യേകത. മണ്ണ് ഉപ്പുരസമുള്ളതിനായതിനാല്‍ എല്ലാ നെല്‍വിത്തുകളും ഇവിടങ്ങളില്‍ യോജിക്കില്ല. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന ഇനങ്ങള്‍ മാത്രമെ ഇവിടെ കൃഷി ചെയ്യാനാകൂ. നെല്‍വിത്തും മണ്ണും തമ്മിലുള്ള ബന്ധം കൊണ്ട് മാത്രം കൃഷി നിലനില്‍ക്കില്ല.
നിലങ്ങളിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൈപ്പാട് കൃഷി ഉത്പ്പാദനത്തെ സ്വാധീനിക്കുന്നു. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്ത് ഉപ്പിന്റെ കാഠിന്യം കുറയുമ്പോഴാണ് കൃഷിയിറക്കുക. നവംബറില്‍ കൊയ്താല്‍ ഉപ്പിന്റെ കാഠിന്യം കൂടും. അപ്പോഴേക്കും മത്സ്യം കയറിവരും. കൊയ്‌തൊഴിഞ്ഞ പാടം ജൈവസമ്പുഷ്ടമായ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ അതിവേഗം വളരും. ഏപ്രിലില്‍ മത്സ്യക്കൊയ്ത്ത്. വീണ്ടും നെല്‍ കൃഷി. ഇതാണ് കൈപ്പാട് കൃഷിയുടെ രീതി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി 3,000 ഹെക്ടര്‍ കൈപ്പാട് കൃഷിയുണ്ട്. കുതിര്, ഓര്‍ക്കയമ, കണ്ടോര്‍കുട്ടി, പുഞ്ചക്കയമ, ഓര്‍പ്പാണ്ടി, ഒടിയന്‍ എന്നിവയും പത്ത് കൊല്ലത്തെ ഗവേഷണത്തിനു ശേഷം വികസിപ്പിച്ചെടുത്ത ഏഴോം ഒന്ന്, ഏഴോം രണ്ട് എന്നീ വിത്തകളുമാണ് സാധാരണയായി കൃഷി ചെയ്യുന്നത്.
അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളിലെ വിപണികളില്‍ ഇനി മലബാറിലെ കൈപ്പാട് അരികൂടി വിപണിയിലെത്താനുള്ള സാധ്യതയാണ് ഭൗമ സൂചിക പട്ടികയില്‍ ഉള്‍പ്പെട്ടതിലൂടെ ഉണ്ടാകുക. ഏറ്റവും ചെറിയ തോതില്‍ നെല്ലിന് വില കിട്ടുന്ന മലബാറിലെ കൈപ്പാട് കര്‍ഷകര്‍ക്ക് പുതിയ പദവി വലിയ ഗുണകരമാകുമെന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കാനും സാധിക്കും.