Connect with us

Ongoing News

ഈ ഇഫ്താര്‍ മൂന്ന് ദേശങ്ങളെ കോര്‍ത്തിണക്കുന്നു

Published

|

Last Updated

ജാമിഅ മില്ലിയ ഇസ്‌ലാമിയ. രാജ്യത്തെ പുരാതനമായ സര്‍വകലാശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജ്ഞാന ദാഹികള്‍ ഒന്നിക്കുന്ന കേന്ദ്രം. വിവിധ സംസ്‌കാരവും ഭാഷയും വേഷവും സംഗമിക്കുന്ന കലാലയം. ദേശങ്ങള്‍ക്കപ്പുറത്തുള്ള ഈ സൗഹൃദവും സ്‌നേഹവും ഇവിടത്തെ കൂട്ടായ്മകള്‍ക്കെല്ലാമുണ്ട്. ഇഫ്താര്‍ വിരുന്നിനായി പതിവുപോലെ ജാമിഅ മില്ലിയ ജുമാ മസ്ജിദില്‍ നീട്ടിവിരിച്ച സുപ്രക്കിരുവശവും സ്ഥാനം പിടിക്കുന്നവരില്‍ രാജ്യത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നുള്ളവരുമുണ്ട്. മഗ്‌രിബ് ബാങ്ക് വിളിയുയര്‍ന്നാല്‍ പഴങ്ങളും എണ്ണപലഹാരങ്ങളും കൊണ്ട് ഇവര്‍ നോമ്പ് തുറക്കും. പ്രാര്‍ഥന കഴിഞ്ഞ് ഹോസ്റ്റലുകളിലേക്ക് മടക്കം. പിന്നെ അവിടെയാണ് ഭക്ഷണം. ഇതാണ് ജാമിഅ മില്ലിയയിലെ രീതി. ഹോസ്റ്റല്‍ റൂമുകളിലും പിന്നെ മറ്റൊരു സൗഹൃദത്തിന്റെ ഇഫ്താര്‍ പിറയാണ്.

ഹോസ്റ്റലിലെ 21 ാം നമ്പര്‍ റൂമിലാണ് മലയാളിയായ സയ്യിദ് ശാബിര്‍ തങ്ങളും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സല്‍മാനും ബീഹാറുകാരനായ അസ്ഫറും താമസിക്കുന്നത്. മൂന്ന് പേരും ബി എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍. നോമ്പ് തുറക്കാനായി മൂന്ന് പേരും മൂന്ന് വിഭവങ്ങളൊരുക്കും. പള്ളിയില്‍ നിന്ന് നോമ്പ് തുറന്നെത്തിയാല്‍ ഒന്നിച്ചിരുന്ന് കഴിക്കും. ഇന്നലെ മലയാളിയായ ശബീര്‍ പഴങ്ങള്‍ തയ്യാറാക്കി. സല്‍മാന്‍ ഉത്തര്‍പ്രദേശ് വിഭവമായ സവീന്‍ പാകമാക്കിയെടുത്തു. അസ്ഫര്‍ ബീഹാറുകാരുടെ ഇഷ്ട ഇനമായ പൊക്കവടയും ചെനമസാലയും തയ്യാറാക്കി. മലയാളി മുറിച്ചുവെച്ച പഴങ്ങള്‍ മൂവരും പകര്‍ന്നെടുത്തു. യു പിക്കാരന്റെ സവീന്‍ തുല്യമായി മൂന്ന് ഗ്ലാസിലൊഴിച്ചു. പിന്നെ ചെനമസാലയും പൊക്കവടയും മേശയില്‍ നിരത്തി. മൂന്ന് ദേശങ്ങളുടെ മൂന്ന് രുചികള്‍. നിറഞ്ഞ സൗഹ്യദത്തിന് മുന്നില്‍ എല്ലാം ഒരു രുചിക്കൂട്ട് പോലെ. ജാമിഅ മില്ലിയ സര്‍വകലാശാലയുടെ മതില്‍കെട്ടിനകത്തെ സൗഹൃദം പോലെ. റമസാന്‍ നല്‍കുന്ന ഒരുമയുടെ സന്ദേശം അതാണിവിടെ ഓരോ ഹോസ്റ്റല്‍ മുറിയിലും കാണാനാകുന്നത്.
ഇശാഅ് ബാങ്ക് വിളി കേള്‍ക്കുന്നതോടെ വീണ്ടും ഹോസ്റ്റലുകളില്‍ നിന്ന് പള്ളികളിലേക്കുള്ള പലായനമായി. പിന്നെ ഇശാഅും തറാവീഹും വിത്‌റും. അതു കഴിഞ്ഞ് ചെറിയ ഉദ്‌ബോധനവുമുണ്ടാകും. തിരിച്ച് റൂമിലെത്തുന്നത് 11 മണി കഴിഞ്ഞ്. പിന്നെ ഉറക്കത്തിന് മുമ്പ് അത്താഴത്തിനുളളത് കൂടി തയ്യാറാക്കി വെക്കും. ജാമിഅ മില്ലിയയിലെ റമസാന്‍ കാലം പെട്ടെന്ന് മറക്കാനാകില്ല.