മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അടുത്ത മാസം പ്രഖ്യാപിക്കും

Posted on: August 2, 2013 12:38 am | Last updated: August 2, 2013 at 12:38 am
SHARE

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ബി ജെ പി. അടുത്ത മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം വരുന്നതിന് മുമ്പായി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് പദ്ധതി. ഇത് വഴി നാല് വലിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ്‌സിംഗ്, മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, നരേന്ദ്ര മോഡി എന്നിവര്‍ ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭഗവതുള്‍പ്പെടെയുള്ളവരെ ഇന്നലെ കണ്ടിരുന്നു. ഇവര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവസാന തീരുമാനം കൈക്കൊണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആര്‍ എസ് എസ് നേരത്തെ തന്നെ നരേന്ദ്ര മോഡിക്ക് അനുമതി നല്‍കിയിരുന്നു. നിലവില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ നിര്‍ണയിച്ചതായും സെപ്തംബറില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് എന്‍ ഡി ടി വിയോട് വ്യക്തമാക്കി.
അടുത്ത വര്‍ഷം മെയ് മാസത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ മോഡിക്ക് പ്രചാരണത്തിന് ആറ് മാസക്കാലത്തെ സമയം ലഭിക്കുമെന്നാണ് ആര്‍ എസ് എസിന്റെ കണക്കുകൂട്ടല്‍. ഈ കാലയളവിനുള്ളില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മോഡിക്കെതിരെയുള്ള എതിര്‍ശബ്ദങ്ങളെ ഒതുക്കാനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. മുമ്പ് മോഡിവിരുദ്ധനായി നിലനിന്നിരുന്ന യശ്വന്ത് സിന്‍ഹ ഇപ്പോള്‍ മോഡിക്ക് വേണ്ടി വാദിച്ചു തുടങ്ങിയിട്ടുണ്ട്. സമാനമായ രീതിയില്‍ എല്‍ കെ അഡ്വാനിയും തന്റെ മുന്‍നിലപാട് മാറ്റി മോഡിയെ പിന്തുണക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.