തെലങ്കാന: പ്രതിഷേധം വ്യാപകമാകുന്നു

Posted on: August 2, 2013 12:28 am | Last updated: August 2, 2013 at 12:28 am
SHARE

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് രായലസീമയിലും തീരദേശ ആന്ധ്രയിലും പ്രതിഷേധം കനക്കുന്നു. സീമാന്ധ്ര- രായലസീമ മേഖലകളിലും തീരദേശ ആന്ധ്രയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബസുകളും നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തെ വിഭജിക്കാന്‍ ഇപ്പോഴെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആന്ധ്ര ഐക്യം ആവശ്യപ്പെട്ട് നിരത്തിലിങ്ങുന്നവരില്‍ വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരും ജീവനക്കാരും അധ്യാപകരും അഭിഭാഷകരുമെല്ലാമുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇവര്‍ റാലികള്‍ സംഘടിപ്പിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് രായലസീമ മേഖലയിലെ കഡപ്പ, അനന്ത്പൂര്‍, ചിറ്റൂര്‍, കര്‍ണൂല്‍ ജില്ലകളില്‍ പൊതുഗതാഗത സര്‍വീസുകള്‍ പരിമിതപ്പെടുത്തിയിരുന്നു. ഈ ജില്ലകള്‍ക്ക് പുറമെ തിരുപ്പതി, നെല്ലൂര്‍, വിജയവാഡ, ഗുണ്ടൂര്‍, ഇലുരു, കാകിനഡ, രാജമുദ്രി, വിശാഖപട്ടണം, വിജയനഗരം നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബുധനാഴ്ച പ്രതിഷേധക്കാരുടെ കല്ലേറില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
29ാം സംസ്ഥാനം രൂപവത്കരിക്കുന്നതിന് മുന്നോടിയായി ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. അഞ്ചാം തീയതി ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരണമെന്ന് ബി ജെ പി ആവശ്യപ്പെടുമ്പോള്‍, മറ്റിടങ്ങളിലും സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ഉടലെടുത്തത് മറ്റ് പാര്‍ട്ടികളെ ആശങ്കയിലാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, അസമില്‍ ബോഡോ ലാന്‍ഡ്, പശ്ചിമ ബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ്, ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് എന്നിവ വിഘടിച്ച് ബുണ്ഡേല്‍ഖണ്ഡ് എന്നിവ രൂപവത്കരിക്കണമെന്ന മുന്‍കാല ആവശ്യങ്ങളാണ് വീണ്ടും സജീവമായിരിക്കുന്നത്.
അതിനിടെ, തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണെന്നും യു പി എ സര്‍ക്കാറല്ലെന്നും ബി ജെ പി നേതാവ് സുഷമാ സ്വരാജ് വിമര്‍ശിച്ചു. ബില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇത് സര്‍ക്കാര്‍ തീരുമാനമായി പരിഗണിക്കാനാകൂവെന്നും അവര്‍ പറഞ്ഞു.