നിര്‍ണയ രാവ്

Posted on: August 1, 2013 10:43 pm | Last updated: August 1, 2013 at 10:43 pm
SHARE

Laylatul-Qadr-Surat-300x225നിശ്ചയം ഖുര്‍ആനെ നാം നിര്‍ണയ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയ രാത്രി എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു ആ രാത്രി. മലക്കുകളും ആത്മാവും (ജിബ് രീല്‍) അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമാകുന്നു (ഖദ്ര്!)
ചില പ്രത്യേക കാരണങ്ങളാല്‍ ചില സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും മറ്റുള്ളവയെ അപേക്ഷിച്ച് ഉന്നത സ്ഥാനം ഇസ്്‌ലാം നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നത്രെ ലൈലത്തുല്‍ ഖദ്ര്! (നിര്‍ണയ രാത്രി). ലൈലത്തുല്‍ ഖദ്ര്! എന്താണെന്ന് നിനക്കറിയാമോ എന്ന ഖുര്‍ആനിലെ സൂക്തത്തിലെ ചോദ്യം തന്നെ അതിന്റെ മഹത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകാവസാനം വരെ മാനവോലകത്തിന്റെ ഐഹികവും പാരത്രികവുമായ സകല നന്മകള്‍ക്കും നിദാനമാകുന്ന ദിവ്യ വചനങ്ങളുടെ അവതരണം ഉണ്ടായ രാവ് നിശ്ചയം ഒരു മഹത്തായ രാവാണെന്ന് പറയേണ്ടതില്ല. ആ രാത്രിയില്‍ ജിബ്‌രീല്‍ (അ) അടക്കമുള്ള മാലാഖമാരുടെ ഭൂമിയിലെ സാന്നിധ്യമാണ് അതിന്റെ സവിശേഷതയായി അല്ലാഹു വിശദീകരിക്കുന്നത്. ആ രാത്രി പ്രഭാതോദയം വരെ സമാധാന ശാന്തിയാണെന്നും തുടര്‍ന്നു പറയുന്നു. ഇത്രയും പവിത്രമായ രാത്രിയെ ധന്യമാക്കിയവനേക്കാള്‍ ഭാഗ്യവാനുണ്ടോ?
ലൈലത്തുല്‍ ഖദ്ര്! റമസാന്‍ അവാസന പത്തില്‍ ഒറ്റയായ രാത്രിയില്‍ പ്രതീക്ഷിക്കാനാണ് പ്രവാചക കല്‍പ്പന. ലൈലത്തുല്‍ ഖദ്ര്! ഇന്ന രാത്രിയാണെന്നറിഞ്ഞാല്‍ ജനങ്ങല്‍ ആ രാത്രി മാത്രമേ അതിനെ പ്രതീക്ഷിക്കുകയും ആരാധാനാ കാര്യങ്ങള്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്യുകയുള്ളൂ. അതറിയാത്ത പക്ഷം ആ രാവാകാന്‍ സാധ്യതയുള്ള എല്ലാ രാവുകളും സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കി കൂടുതല്‍ പുണ്യവും പ്രതിഫലവും നേടുവാന്‍ അത് കാരണമായിത്തീരുകയും ചെയ്യും.
ഉബാദത്തുബ്‌നുസ്വാമിത് (റ) പറയുന്നു: ലൈലത്തുല്‍ ഖദ്ര്! ഏതാണെന്ന് കൃത്യമായി പറയാന്‍ നബി (സ) തിരുമേനി ഞങ്ങളിലേക്ക് പുറപ്പെട്ടു. വഴിയില്‍ രണ്ടുപേര്‍ ശണ്ഡയിലേര്‍പ്പെട്ടു. അപ്പോള്‍ തിരുമേനി (സ) പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കു ലൈലത്തുല്‍ ഖദ്‌റിനെ പറ്റി പറഞ്ഞുതരാന്‍ വേണ്ടിയാണ് പുറപ്പെട്ടത്. അപ്പോഴേക്കും രണ്ടുപേര്‍ തമ്മില്‍ വഴക്കുനടന്നതിനാല്‍ അതു എന്നില്‍ നിന്നും ഉയര്‍ത്തപ്പെട്ടു. അത് നിങ്ങള്‍ക്കു ഗുണമായിരിക്കാം (ബുഖാരി)
പ്രാര്‍ഥന, പരസഹായം തുടങ്ങിയ സല്‍കര്‍മങ്ങളെ കൊണ്ടാണ് ആരാവിനെ സജീവമാക്കേണ്ടത്. ആയിശ (റ) യോട് പ്രത്യേകം പഠിപ്പിച്ചു കൊടുത്ത പ്രാര്‍ഥനക്കാണ് ആ രാത്രിയില്‍ കൂടുതല്‍ പ്രാധാന്യം ‘അല്ലാഹുമ്മ ഇന്നക്ക അഫുവ്വന്‍ തുഹിബ്ബുല്‍ അഫ് വ ഫഅ്ഫുഅന്നീ’ (അല്ലാഹുവേ നീ മാപ്പ് നല്‍കുന്നവനാണ്. മാപ്പ് നല്‍കാന്‍ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എനിക്ക് നീ മാപ്പ് നല്‍കേണമേ) എന്നതാണ് ആ പ്രാര്‍ഥന. പരസഹായം അല്ലാഹുവിന്റെ സ്‌നേഹത്തിനു ഹേതുവാണ്. അല്ലാഹുവിന് ഏറ്റവും പ്രീയപ്പെട്ട വ്യക്തിയും പ്രവര്‍ത്തനവും ഏതാണെന്ന് പ്രവാചകര്‍ (സ) ചോദിക്കപ്പെട്ടപ്പോള്‍ മറുപടി ഇങ്ങിനെ: ‘അല്ലാഹുവിന് കൂടുതല്‍ പ്രീയപ്പെട്ട വ്യക്തി ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന വ്യക്തിയും അവന് ഏറ്റവും പ്രീയപ്പെട്ട പ്രവര്‍ത്തനം ഒരു മുസ്്‌ലിമിന് സന്തോഷം നല്‍കുകയോ അവന്റെ ഒരു പ്രയാസം നീക്കുകയോ അവന്റെ കടം വീട്ടിക്കൊടുക്കലോ അവന്റെ വിശപ്പടക്കലോ ആകുന്നു. ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടി അവനോടുകൂടി സഞ്ചരിക്കുന്നതുപോലും എന്റെ പള്ളിയില്‍ (മദീനത്തെ പള്ളിയില്‍) ഒരു മാസം ഇഅ്തികാഫി (ഭജനമിരിക്കല്‍) നേക്കാള്‍ മാറ്റുകൂടിയതാണ്.
ഫിത്ര്! സകാത്തെന്ന നിര്‍ബന്ധദാനത്തിലൂടെ ആ പരസഹായമാണ് ഒരു വിശ്വാസി നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യാഹാരത്തില്‍ നിന്നും ഒരു സ്വാഅ് ഏകദേശം രണ്ടര കിലോഗ്രാം പെരുന്നാള്‍ നിസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പ് അവകാശികള്‍ക്ക് നല്‍കിയിരിക്കണം. വ്രതത്തില്‍ വന്നുപോയ ന്യൂനതകളുടെ പരിഹാരം കൂടെ ഫിത്ര്! സകാത്തിലൂടെ വിശ്വാസി കണ്ടെത്തുന്നു. അല്ലാഹു നമ്മുടെ കര്‍മങ്ങളെല്ലാം സ്വീകരിക്കട്ടെ. ആമീന്‍.