ദുബൈയില്‍ വര്‍ഷാവസാനത്തോടെ പത്ത് ശതമാനം കൂടി വാടക വര്‍ധിക്കും

Posted on: August 1, 2013 10:08 pm | Last updated: August 1, 2013 at 10:08 pm
SHARE

ദുബൈ: 2013 അവസാനിക്കുന്നതോടെ ദുബൈയില്‍ വാടകയില്‍ 10 ശതമാനം വര്‍ധനവ് സംഭവിക്കുമെന്ന് സി ബി ആര്‍ ഇ. കഴിഞ്ഞ 12 മാസത്തിനിടയില്‍ 30 ശതമാനം വാടക വര്‍ധിച്ചിടത്താണ് ഇനിയും 10 ശതമാനം കൂടി സംഭവിക്കുകയെന്നും പഠനം വ്യക്തമാക്കുന്നു. ഇതിനാല്‍ പല താമസക്കാരും വാടക കുറഞ്ഞ പുതിയ മേഖലകളിലേക്ക് മാറിക്കൊണ്ടിരിക്കയാണ്.

ആഗോള പ്രോപര്‍ട്ടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ സി ബി ആര്‍ ഇയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദുബൈ സ്‌പോട്‌സ് സിറ്റിയില്‍ 36 ശതമാനമാണ് കഴിഞ്ഞ 12 മാസത്തിനിടയില്‍ വാടകയില്‍ രേഖപ്പെടുത്തിയ വര്‍ധനവ്. ശൈഖ് സായിദ് റോഡില്‍ ട്രെയ്ഡ് സെന്റര്‍ റൗണ്ട്എബൗട്ട് മേഖലയില്‍ 33 ശതമാനവും സിലികോണ്‍ ഓയസിസില്‍ 31 ശതമാനവുമാണ് വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് സി ബി ആര്‍ ഇ ഗവേഷണ വിഭാഗം തലവന്‍ മാറ്റ് ഗ്രീന്‍ വെളിപ്പെടുത്തി.
ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തിനിടയില്‍ വാടക ഇനത്തില്‍ സംഭവിച്ച വര്‍ധനവ് 14 ശതമാനം ആയിരുന്നു.
നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലാണ് വാടകയില്‍ പ്രകടമായ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. ജുമൈറ വില്ലേജ്, ദുബൈ ലാന്റ് ദുടങ്ങിയ പ്രദേശങ്ങളിലും വാടക കുതിച്ചുയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നു വര്‍ഷമായി വില്ലകളുടെ വാടകയില്‍ വര്‍ധനവ് തുടരുകയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആറു ശതമാനം വര്‍ധനവാണ് സംഭവിച്ചത്. രണ്ട് മുറികളുള്ള വില്ലകള്‍ക്കാണ് വാടക വര്‍ധനവ് സകല റെക്കാര്‍ഡുകളും തര്‍ത്തിരിക്കുന്നത്. ഇത്തരം വില്ലകള്‍ക്ക് വര്‍ധനവ് 36 ശതമാനമാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും വാടക വര്‍ധിക്കുന്ന പ്രവണതയില്‍ മാറ്റം സംഭവിക്കില്ല. ഈ വര്‍ഷാവസാനത്തോടെ വാടകയില്‍ ഇനിയും പത്തു ശതമാനം വര്‍ധനവിനാണ് സാധ്യതയെന്നും ഗ്രീന്‍ അഭിപ്രായപ്പെട്ടു. ജുമൈറ വില്ലേജില്‍ പത്തു ശതമാനത്തോളവും ഡൗണ്‍ടൗണ്‍ ദുബൈയില്‍ ആറു ശതമാനത്തോളവും വര്‍ധനവിന് സാധ്യത കാണുന്നത്.
ദുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ 2013ന്റെ ആദ്യ ആറു മാസങ്ങളില്‍ 2,880 കോടി ദിര്‍ഹത്തിന്റെ കച്ചവടം നടന്നിട്ടുണ്ട്. ഇത് ശുഭസൂചകമാണ്. 2,320 കോടിയും പണത്തിലുള്ള കൈമാറ്റങ്ങളായിരുന്നു. മൊത്തം കച്ചവടത്തിന്റെ 80 ശതമാനം വരും ഇത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ഓഫീസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വലിയ കമ്പനികള്‍ പുതിയ പ്രദേശങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ജുമൈറ ലേക്ക് ടവേഴ്‌സ്, ബിസിനസ് ബേ തുടങ്ങിയ പ്രദേശങ്ങളിലും വാടകയില്‍ വര്‍ധനവ് പ്രകടമാണ്. ദുബൈ മറീനയിലാണ് ഏറ്റവും അധികം കച്ചവടങ്ങള്‍ നഗരത്തില്‍ നടന്നത്. 6,600 കോടി ദിര്‍ഹത്തിന്റെ 3,748 കച്ചവടങ്ങളാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വില സ്ഥിരമായി നില്‍ക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നും വിലകള്‍ മുകളിലേക്ക് കയറുന്നതിനാവും സാക്ഷിയാവേണ്ടി വരികയെന്നും ആസ്‌റ്റെക് പ്രോപര്‍ട്ടി മാനേജ്‌മെന്റ ഡയറക്ടര്‍ സീന്‍ മാക് കൗളി വ്യക്തമാക്കി. സാമ്പത്തികമായി നഗരം കൈവരിക്കുന്ന നേട്ടങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വാടക ഉയരാന്‍ ഇടയാക്കുന്നത്. ഈ പ്രവണത തുടരുകതന്നെ ചെയ്യും. രാജ്യാന്തര കമ്പോളവും മാന്ദ്യം വിട്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സ്ഥിതിയായതിനാല്‍ ദുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വന്‍ കുതിപ്പാവും പ്രകടമാവുക. ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതിനുള്ള പ്രവണത കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here