മസ്ജിദുകള്‍ പ്രാര്‍ഥനാമുഖരിതം

Posted on: August 1, 2013 9:37 pm | Last updated: August 1, 2013 at 9:37 pm
SHARE

ramadan-15_burhani_masjid_dubai-12ദുബൈ: റമസാന്‍ അവസാന പത്തില്‍ നില്‍ക്കുമ്പോള്‍ മസ്ജിദുകളും മജ്‌ലിസുകളും പ്രാര്‍ഥനാ മുഖരിതം. തറാവീഹും തഹജ്ജുദും ഖിയാമുല്‍ ലൈല്‍ നിസ്‌കാരങ്ങളുമായി മസ്ജിദുകള്‍ സജീവമാണ്. സ്വദേശികളുടെ മജ്‌ലിസുകളും പ്രാര്‍ഥനാനിര്‍ഭരമാണ്. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തസ്‌കിയത്ത് ക്യാമ്പുകളും മറ്റും നടന്നുവരുന്നു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ പേരോട് അബ്ുര്‍റഹ്്മാന്‍ സഖാഫി ഇന്ന് ജുമുഅക്കു ശേഷം ബര്‍ദുബൈ ഗ്രാന്‍ഡ് മസ്ജിദില്‍ (മ്യൂസിയത്തിനു സമീപം) പ്രഭാഷണം നടത്തും.

പല പ്രവാസി കൂട്ടായ്മകളും ഇഫ്താറിന്റെയും ആത്മീയ സംഗമങ്ങളുടെയും തിരക്കിലാണ്. ആയിരം മാസത്തേക്കാള്‍ പവിത്രമായ രാവിനെ പ്രതീക്ഷിക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. പള്ളികളില്‍ ഇഅ്തികാഫിരുന്നും ഖുര്‍ആന്‍ ഖത്തം തീര്‍ത്തും ദാനദര്‍മങ്ങള്‍ വര്‍ധിപ്പിച്ചും റമസാനിലെ രാപ്പകലുകളെ ധന്യമാക്കുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ത്യാഗമനോഭാവത്തോടെ സ്രഷ്ടാവിന്റെ പ്രീതികരസ്ഥമാക്കാന്‍ സന്നദ്ധരായാണ് ചെറിയ കുട്ടികള്‍ അടക്കമുള്ളവര്‍ ഈ മരുഭൂമിയില്‍ നോമ്പനുഷ്ഠിക്കുന്നത്.
ആത്മീയ അനുഭൂതി കൈവരിക്കുന്ന ഈ മാസം വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെയ്തുപോയ പാപങ്ങള്‍ കഴുകിക്കളയാന്‍ നാഥനിലേക്ക് കരങ്ങള്‍ നീട്ടുകയാണ് ഓരുരുത്തരും. അതേസമയം മക്കയിലെ ഹറം ശരീഫിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണം വിസാ നിയന്ത്രണം വന്നതിനാല്‍ നിരവധി പേര്‍ക്ക് ഇത്തവണ റമസാനില്‍ ഉംറക്ക് അവസരം ലഭിച്ചില്ല.
അദേസമയം ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച തുണിക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്.