രമേശ് മന്ത്രിസഭയിലേക്കെന്ന് സൂചന

Posted on: August 1, 2013 6:22 pm | Last updated: August 3, 2013 at 12:11 am
SHARE

ramesh chennithala

ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ട ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിന് വഴിയൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് ചെന്നിത്തല അറിയിച്ചതോടെയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. അര്‍ഹമായ വകുപ്പ് ലഭിക്കണമെന്ന ആവശ്യം ചെന്നിത്തല മുന്നോട്ടു വെച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ മാന്യമായ സ്ഥാനം സോണിയ ഉറപ്പ് നല്‍കിയതായാണ് സൂചന. എന്നാല്‍ ഇതിനായി ഘടകകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനം കര്‍ശനമാക്കിയതോടെയാണ് മുസ്‌ലിം ലീഗ്, മാണി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ഡല്‍ഹി യാത്ര റദ്ദാക്കിയത്.

ഉപമുഖ്യമന്ത്രി പദത്തോടൊപ്പം റവന്യൂ വകുപ്പോ, അല്ലെങ്കില്‍ ആഭ്യന്തര വകുപ്പോ നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരികയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുല. എന്നാല്‍ ആഭ്യന്തരം വിട്ടുനല്‍കാന്‍ എ ഗ്രൂപ്പ് ഒരുക്കമെെല്ലന്ന നിലപാടെടുത്തതോടെ ഘടകകക്ഷികളെ അനുനയിപ്പിച്ച് ഉപമുഖ്യമന്ത്രി പദം നല്‍കാനാണ് നീക്കം നടക്കുന്നത്. ചെന്നിത്തലക്ക് വേണ്ടി റവന്യൂ വകുപ്പ് മാറാന്‍ തയ്യാറാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. മന്ത്രിസഭയില്‍ തങ്ങളുടെ രണ്ടാംസ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലക്ക് നല്‍കുകയാണെങ്കില്‍ നിയമസഭാ കക്ഷി ഉപ നേതൃസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ വിലപേശലിലേക്ക് നീങ്ങിയതോടെയാണ് ഇവര്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കേരളത്തിലുള്ളവര്‍ക്കായി മന്ത്രിസഭാ പുനഃസംഘടന പറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതകള്‍ തെളിഞ്ഞതോടെ ഘടകകക്ഷികള്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്നറിയുന്നു. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് നല്‍കുന്ന ഹൈക്കമാന്‍ഡ,  ലീഗിഗ് നിയമസഭാകക്ഷി ഉപനേതൃസ്ഥാനം നല്‍കിയേക്കും.