Connect with us

National

തെലുങ്കാന പ്രശ്‌നം: 15 എം എല്‍ എമാര്‍ രാജിവെച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള കേന്ദ്ര തീരുമാനം സംസ്ഥാന കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് 15 എം എല്‍ എമാര്‍ രാജിവെച്ചു. മുതിര്‍ന്ന നേതാക്കാളായ ജെ സി ദിവാകര്‍ റെഡ്ഢി, ഗഡെ വെങ്കിട്ട റെഡ്ഢി എന്നിവരടക്കം എട്ട് എം എല്‍ എമാര്‍ നിയമസഭാ സെക്രട്ടറിക്കാണ് രാജി സമര്‍പ്പിച്ചത്. രണ്ട് പേര്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് രാജി നല്‍കി. പ്രതിപക്ഷമായ ടി ഡി പിയുടെ ഒരു എം എല്‍ എയടക്കം അഞ്ച് എം എല്‍ എമാര്‍ സ്പീക്കര്‍ക്കും ലജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് പേര്‍ ചെയര്‍മാനും രാജി അയച്ചുകൊടുത്തിട്ടുണ്ട്. തീരദേശ ആന്ധ്ര മേഖലയില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ അസിസ്റ്റന്റുമാരിലൊരാളായ തിരുനാവുക്കരശും ഇവരിലുള്‍പ്പെടും. തെലങ്കാന രൂപവത്കരണത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest