Connect with us

Kozhikode

മലബാര്‍ സംസ്ഥാനം വേണമെന്ന് യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: കേരളത്തെ വിഭജിച്ച് മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത്. തെലുങ്കാന യാഥാര്‍ത്ഥ്യമായതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വിഭജനം ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് രംഗത്തെത്തിയത്. കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ഇതിന് സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. തൃശൂര്‍ മുതല്‍ കാസര്‍കോഡു വരെയുള്ള ഏഴ് ജില്ലകളും മാഹിയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗ് നിര്‍ദേശം വയ്ക്കുന്നത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരുന്ന ആശയങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്നും ഇവര്‍ വാദിക്കുന്നു. ചരിത്രപരമായും സംസ്‌കാരപരമായും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് മലബാര്‍ ഏറെ വ്യത്യസ്തമാണെന്നും യൂത്ത് ലീഗ് വാദിക്കുന്നു. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് അടുത്തിടെ ആവശ്യം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംസ്ഥാനമെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്ത് വരുന്നത്.

Latest