പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് നാല് വര്‍ഷം

Posted on: August 1, 2013 8:09 am | Last updated: August 1, 2013 at 12:19 pm
SHARE

shihab thangalമലപ്പുറം: പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെ പ്രകാശം നിലച്ചിട്ട് നാല് വര്‍ഷം. മറ്റൊരു ആഗസ്റ്റ് മാസം കൂടിയെത്തുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് തന്ന സന്ദേശങ്ങള്‍ തന്നെയാണ്.
മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം മത-സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സര്‍വരെയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്‍കിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. ആ ഓര്‍മ്മകള്‍ ഇന്നും ഇവിടത്തെ ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്.
തങ്ങളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്താന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമതരാഷ്ട്രീയഭേദമില്ലാതെ സര്‍വ സ്വീകാര്യത നേടിയ അപൂര്‍വ സൗഭാഗ്യവും ശിഹാബ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ടുതന്നെയാണ് നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടേക്ക് എത്തിയത്. എത്രവലിയ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ സാമീപ്യം മാത്രം മതിയായിരുന്നു. ഇങ്ങനെ തീര്‍പ്പാക്കിയവയുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. രോഗശാന്തിയും മനഃശാന്തിയും തേടിയും നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാലത്തെ പൊതുപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തി. മതസൗഹാര്‍ദ്ദത്തിന് ഏറെ വില കല്‍പിച്ച തങ്ങളുടെ നിലപാടുകള്‍ എന്നും സ്മരണീയമാണ്. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് ചരിത്രത്തിലെ വേറിട്ട അധ്യായമായി മാറി. കേരളീയ പൊതുസമൂഹത്തില്‍ മതേതരത്വം നിലനിറുത്തിയതില്‍ തങ്ങളുടെ നിലപാട് മുഖ്യപങ്കാണ് വഹിച്ചത്. 2009 ആഗസ്ത് ഒന്നിനായിരുന്നു നിറമുള്ള ഓര്‍മകള്‍ ബാക്കിയാക്കി അദ്ദേഹം വിടപറഞ്ഞത്. പാണക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാന്‍ ഓരോ ദിനങ്ങളിലും നിരവധി പേരാണ് എത്തുന്നത്.