Connect with us

Sports

ഓസീസിന് ലാസ്റ്റ് ചാന്‍സ്‌

Published

|

Last Updated

സിഡ്‌നി: ആഷസില്‍ ചാരമാകാതിരിക്കാന്‍ ആസ്‌ത്രേലിയക്ക് അവസാന അവസരം. ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഓസീസ് ഇന്ന് ഇംഗ്ലണ്ടിനെതിരെ പ്രതീക്ഷയുടെ മൂന്നാം ടെസ്റ്റിനിറങ്ങുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് കളി.
അലിസ്റ്റര്‍ കുക്കിന്റെ ഇംഗ്ലീഷ് പട ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. പരമ്പര തൂത്തുവാരുകയാണ് അവരുടെ ലക്ഷ്യം. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ചരിത്രപരമായ നാണക്കേട് തുറിച്ചു നോക്കുകയാണ്. ആഷസ് ചരിത്രത്തിലെ ഏറ്റവും മോശം ഓസീസ് ടീമിന്റെ നായകന്‍ എന്ന നാണക്കേടാണ് ക്ലാര്‍ക്കിനെ കാത്തിരിക്കുന്നത്. അതൊഴിവാക്കേണ്ട ബാധ്യത ക്ലാര്‍ക്കിനുണ്ട്. ആദ്യ ടെസ്റ്റില്‍ പതിനാല് റണ്‍സിനായിരുന്നു തോല്‍വിയെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ 347 റണ്‍സിനായിരുന്നു.
എന്നാല്‍, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് മികച്ച ടീമായിരുന്നുവെന്നും ആസ്‌ത്രേലിയക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ അവരെ തോല്‍പ്പിക്കാനാകുമെന്നും ക്ലാര്‍ക്ക് ഡെയ്‌ലി ടെലഗ്രാഫിലെഴുതി.
സ്പിന്നര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ ഓസീസ് നഥാന്‍ ലിയോണിനെ ഉള്‍പ്പെടുത്തിയേക്കും. ടീനേജ് സെന്‍സേഷന്‍ ആഷ്ടന്‍ അഗറിന് പുറമെയാണിത്. സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ കഴിഞ്ഞ ദിവസം ഓസീസ് ക്യാമ്പിലെത്തിയിരുന്നു. ക്ലാര്‍ക്കുമായി ഏറെ നേരം സംസാരിച്ച വോണ്‍ ഓള്‍ഡ്ട്രഫോര്‍ഡിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. സ്പിന്നര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കിയാണ് വോണ്‍ മടങ്ങിയത്. എതിരാളിയെ കറക്കി വീഴ്ത്തുക എന്നതാണ് ഇംഗ്ലണ്ടിന്റെയും അജണ്ട. പതിനാലംഗ സ്‌ക്വാഡില്‍ മോണ്ടി പനേസറിനെയും ഉള്‍പ്പെടുത്തിയത് തന്നെ തെളിവ്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് കുറച്ച് കാലം ടീമില്‍ നിന്ന് പുറത്തായ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവ് ആസ്‌ത്രേലിയന്‍ ബാറ്റിംഗ് നിരക്ക് ഉണര്‍വേകും. ടോസ് നേടിയാല്‍ ബാറ്റ് ചെയ്യാനാകും ക്യാപ്റ്റന്‍മാര്‍ തീരുമാനിക്കുക.
1956 ല്‍ ജിം ലേക്കര്‍ പത്തൊമ്പത് വിക്കറ്റുകള്‍ വീഴ്ത്തി ചരിത്രം കുറിച്ചത് ഓള്‍ഡ് ട്രഫോര്‍ഡിലായിരുന്നു. ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ അത്തരമൊരു പ്രകടനം സ്വപ്‌നം കാണുന്നു. ലണ്ടനിലെ പിച്ചുകളില്‍ കളിച്ചു പരിചയമുള്ള ഷെയിന്‍ വാട്‌സനിലാണ് ഓസീസിന്റെ ബാറ്റിംഗ് പ്രതീക്ഷ.
കെവിന്‍ പീറ്റേഴ്‌സന്റെ ഫിറ്റ്‌നെസാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിനിടെയാണ് പരുക്കേറ്റത്.

സാധ്യതാ ടീം

ഇംഗ്ലണ്ട് : അലസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജൊനാഥന്‍ ട്രോട്, കെവിന്‍ പീറ്റേഴ്‌സന്‍, ഇയാന്‍ബെല്‍, ജോണി ബെയര്‍‌സ്റ്റോ, മാറ്റ് പ്രയര്‍ (വിക്കറ്റ് കീപ്പര്‍), ടിം ബ്രെസ്‌നന്‍, സ്റ്റുവര്‍ട് ബ്രോഡ്, ഗ്രെയിം സ്വാന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.
ആസ്‌ത്രേലിയ : ഷെയിന്‍ വാട്‌സന്‍, ക്രിസ് റോജേഴ്‌സ്, ഉസ്മാന്‍ ഖാജ, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്, ഡേവിഡ് വാര്‍ണര്‍, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ച്, റിയാന്‍ ഹാരിസ്, നഥാന്‍ ലിയോണ്‍.

Latest