Connect with us

International

സ്‌നോഡനുമായി നിരന്തരം ബന്ധപ്പെടാന്‍ എഫ് ബി ഐ ആവശ്യപ്പെട്ടതായി പിതാവ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഫോണ്‍, ഇന്റര്‍നെറ്റ് ചോര്‍ത്തലിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കിയ എഡ്വേര്‍ഡ് സ്‌നോഡനുമായി ബന്ധപ്പെടാന്‍ എഫ് ബി ഐ നിര്‍ദേശിച്ചിരുന്നതായി സ്‌നോഡന്റെ പിതാവ് ലോണ്‍ സ്‌നോഡന്റെ വെളിപ്പെടുത്തല്‍. റഷ്യയില്‍ താത്കാലിക അഭയം തേടിയ സ്‌നോഡനുമായി സംസാരിക്കാനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ട് എഫ് ബി ഐ ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ലോണ്‍ സ്‌നോഡന്‍ പറഞ്ഞു. റഷ്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് തന്റെ മകന്‍ പ്രവര്‍ത്തിച്ചതെന്നും രാജ്യദ്രോഹിയല്ല യഥാര്‍ഥ ദേശസ്‌നേഹിയാണവനെന്നും അദ്ദേഹം വിശദീകരിച്ചു. ആവശ്യമെങ്കില്‍ മകനൊപ്പം റഷ്യയില്‍ താമസിക്കാനും താന്‍ സന്നദ്ധനാണെന്ന് ലോണ്‍ കൂട്ടിച്ചേര്‍ത്തു.
“സ്‌നോഡനെ അമേരിക്കക്ക് വിട്ടുകൊടുക്കരുത്. താത്കാലിക അഭയം നല്‍കി എന്റെ മകന്റെ ജീവന്‍ രക്ഷിച്ച. റഷ്യന്‍ പ്രസിഡന്റിന് ഹൃദ്യമായ നന്ദിയുണ്ട്. മകന്റെ ജീവന്‍ സംരക്ഷിച്ച് അവന് അഭയം നല്‍കാന്‍ റഷ്യ കാണിച്ച ധീരതയില്‍ കൃതജ്ഞനാണ്.” ലോണ്‍ സ്‌നോഡന്‍ പറഞ്ഞു. സ്വദേശികളുടെയും വിദേശികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി ജൂണ്‍ 23നാണ് സ്‌നോഡന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ സി ഐ എ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹോംഗ്‌കോംഗില്‍വെച്ചാണ് വിവാദമായ പ്രസ്താവന നടത്തിയത്. പിന്നീട് റഷ്യയിലേക്ക് പോയ സ്‌നോഡന്‍ അവിടെ താത്കാലിക അഭയം തേടുകയായിരുന്നു.