ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാറിന്റെ അടിയന്തര നിര്‍ദേശം

Posted on: August 1, 2013 7:31 am | Last updated: August 1, 2013 at 7:31 am
SHARE

കൈറോ: പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പോലീസിന് ഈജിപ്ത് ഇടക്കാല സര്‍ക്കാറിന്റെ അടിയന്തര നിര്‍ദേശം. അടിച്ചമര്‍ത്തല്‍ ആവശ്യമെങ്കില്‍ അതിന് മടിക്കേണ്ടെന്നും രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുള്ള ഇടക്കാല സര്‍ക്കാറിന്റെ വക്താക്കള്‍ അറിയിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനകീയ മുന്നേറ്റ സഖ്യമായ തംറദിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മൂന്നിന് മുര്‍സിക്ക് അധികാരം നഷ്ടമായതോടെ പ്രക്ഷോഭവുമായി രംഗത്തെത്തിയ ബ്രദര്‍ഹുഡ് അക്രമാസക്തമായ പ്രകടനങ്ങളാണ് രാജ്യത്ത് നടത്തിയത്. മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കലല്ലാതെ മറ്റൊരു വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. ഇടക്കാല സര്‍ക്കാറില്‍ അംഗമായി, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള സര്‍ക്കാറിന്റെ ആവശ്യവും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ എഫ് ജെ പി നിരസിച്ചിരിക്കുകയാണ്.
വടക്കുകിഴക്കന്‍ കൈറോയിലെ റബാ അല്‍ അദ്‌വിയ പള്ളിക്ക് സമീപത്തെ ചത്വരത്തിലും കൈറോ യൂനിവേഴ്‌സിറ്റിക്ക് സമീപത്തെ നഹ്ദാ ചത്വരത്തിലുമാണ് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ തമ്പടിച്ചത്. ഇവിടുത്തെ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടതോടെയാണ് പോലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റബാ അല്‍ അദ്‌വിയ പള്ളിക്ക് സമീപത്തെ പ്രക്ഷോഭം ഏറ്റുമുട്ടലില്‍ കലാശിക്കുകയും നൂറോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.
കൈറോയില്‍ തമ്പടിച്ച ബ്രദര്‍ഹുഡ് പ്രക്ഷോഭകരെ നേരിടാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കാനിടയുണ്ടെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങളിലായി പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് തമ്പടിച്ചിരിക്കുന്നത്. പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ ഈജിപ്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.