യു പിയെ നാലായി വിഭജിക്കണം: മായാവതി

Posted on: August 1, 2013 7:21 am | Last updated: August 1, 2013 at 7:21 am
SHARE

mayawati_3ലക്‌നോ: പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച രണ്ടാം യു പി എ സര്‍ക്കാറിനെ സ്വാഗതം ചെയ്ത ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി, ഉത്തര്‍പ്രദേശിനെ നാല് പ്രത്യേക സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
‘പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ്, പശ്ചിം പ്രദേശ് എന്നിങ്ങനെ നാല് ചെറിയ സംസ്ഥാനങ്ങളായി ഉത്തര്‍പ്രദേശിനെ ഭാഗിക്കണം. ജനസംഖ്യ നാല് സംസ്ഥാനങ്ങളിലായി ഭാഗം വെക്കപ്പെടുമ്പോള്‍ വികസനം വേഗത്തിലാകും. യു പിയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇതിനായി കോണ്‍ഗ്രസിലും യു പി എ സര്‍ക്കാറിലും സമ്മര്‍ദം ചെലുത്തണം’ – മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മായാവതി ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ വിഭജനം മുഖ്യ പ്രചാരണ ആയുധമാക്കുമെന്ന് മായാവതി പറഞ്ഞു. ഉത്തര്‍ പ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം 2011 ഡിസംബറില്‍ മായാവതി സര്‍ക്കാര്‍ പാസാക്കിയിരുന്നു. 2012ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മായാവതിയുടെ ഈ നീക്കം നടന്നത്. പക്ഷെ ഇത് തിരഞ്ഞെടുപ്പ് പ്രചാരണമാക്കി വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കായില്ല.
അതിനിടെ, അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടി, സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ ഇവിടെ നടക്കുന്നത് ‘മാഫിയാ രാജ്’ ആണെന്നതിന് തെളിവാണെന്ന് മായാവതി ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥന്‍മാര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. ഈ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന ഗവര്‍ണറും ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസാധാന നിലയില്‍ ആശങ്കപ്പെടുന്നവര്‍ സംസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം തന്നെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം ബാലിശമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ആദ്യം പരാതി പറഞ്ഞ സ്വന്തം പിതാവ് മുലായം സിംഗിനോടാണ് ആദ്യം പുറത്തു പോകാന്‍ ആവശ്യപ്പെടേണ്ടതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here