Connect with us

Ongoing News

ശിവദാസന്‍ നായര്‍ എം എല്‍ എയെ കയ്യേറ്റം ചെയ്തു

Published

|

Last Updated

ആറന്മുള: കെ ശിവദാസന്‍ നായര്‍ എം എല്‍ എക്ക് നേരെ കൈയേറ്റം. ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരാണ് എം എല്‍ എയെ കൈയേറ്റം ചെയ്തത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ.
ശിവദാസന്‍ നായരെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിക്കരുതെന്ന് സമരസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചടങ്ങില്‍ എം എല്‍ എ തിരി തെളിക്കാന്‍ ഒരുങ്ങവേ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. വിമാനത്താവള പദ്ധതിയില്‍ എം എല്‍ എ ഒത്തുകളിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. സ്ഥലത്ത് പോലീസുകാരും കുറവായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും എം എല്‍ എയുടെ ഷര്‍ട്ട് കീറി. കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ ദേവസ്വം ഓഫീസിലേക്ക് മാറ്റിയത്. ദേഹാസ്വാസ്ഥ്യമുണ്ടായ എം എല്‍ എയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറെക്കാലം പള്ളിയോടം സേവാസംഘം പ്രസിഡന്റായ തനിക്ക് ക്ഷേത്രത്തില്‍ വരാന്‍ ആരോടും അനുവാദം ചോദിക്കേണ്ടതില്ലെന്ന് ആശുപത്രിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ശിവദാസന്‍ നായര്‍ പറഞ്ഞു. താന്‍ ചെറുപ്പകാലം മുതല്‍ വളര്‍ന്ന ക്ഷേത്രമാണ്. തനിക്കെതിരേ ആക്രമണം നടത്തിയത് ഗൂഢാലോചനയാണെന്നും ആര്‍ എസ് എസുകാരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെമ്മണ്ണൂര്‍- പത്തനംതിട്ട റോഡ് ഉപരോധിച്ചു. പൈതൃക സമിതി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ വീഴ്ചയുടെ പേരില്‍ പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയനെ സസ്‌പെന്‍ഡ് ചെയ്തു. എ ഡി ജി പി ഹേമചന്ദ്രനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Latest