പാക്കിസ്ഥാനില്‍ ജയില്‍ തകര്‍ത്ത് 248 താലിബാന്‍ തടവുകാരെ മോചിപ്പിച്ചു

Posted on: July 31, 2013 12:52 am | Last updated: July 31, 2013 at 12:52 am

jailഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജയില്‍ തകര്‍ത്ത് 248 തടവുകാരെ മോചിപ്പിച്ചു. ദേരാ ഇസ്മാഈല്‍ഖാനിലെ ജയിലിലാണ് ആക്രമണം ഉണ്ടായത്. പോലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുമായി അക്രമികള്‍ നടത്തിയ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറ് പേര്‍ പോലീസുകാരാണ്. രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും താലിബാന്‍കാരാണെന്നും ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നും പോലീസ് മേധാവികള്‍ അറിയിച്ചു. വളരെ ആസൂത്രിതമായാണ് ആക്രമണം നടന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവുചാടിയവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഗ്രാനേഡ്, ഓട്ടോമാറ്റിക് ബോംബുകള്‍ തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ജയിലിലെ മതിലുകള്‍ തകര്‍ത്താണ് അകത്തുകടന്നത്. ബോംബാക്രമണവും വെടിവെപ്പും ശക്തമായതോടെ ജയിലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് അക്രമികളും തടവുപുള്ളികളും നിഷ്പ്രയാസം രക്ഷപ്പെടുകയായിരുന്നുവെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ജയില്‍ തകര്‍ക്കാന്‍ താലിബാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് രണ്ടാഴ്ച മുമ്പ് പാക് രഹസ്യാന്വേഷണ വിഭാഗം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് വേണ്ടവിധത്തില്‍ പരിഗണക്കാന്‍ ജയില്‍ അധികൃതരോ മറ്റ് നേതൃത്വമോ തയ്യാറായില്ല. ജയിലിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ അധികൃതര്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ജയിലിലെ സുരക്ഷാ പാളിച്ചക്ക് കാരണം പോലീസിനും സൈന്യത്തിനും ഇടയിലെ ഐക്യമില്ലായ്മയാണെന്നും ജയിലിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ സൈന്യത്തിന്റെ സഹായം തേടിയെങ്കിലും അത് നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും പ്രാദേശിക ഭരണകൂടത്തിന്റെ വക്താക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ താലിബാന്‍ നേതൃത്വവുമായി തടവുകാര്‍ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നതായും ആക്രമണം ആസൂത്രണം ചെയ്തതായും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നൂറ് അക്രമികളും ഏഴ് ചാവേറുകളും ചേര്‍ന്നാണ് ജയില്‍ തകര്‍ത്തതും തടുവകാരെ മോചിപ്പിച്ചതെന്നും പാക് താലിബാന്‍ വക്താക്കള്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ബന്നൂ ജയിലിലുണ്ടായ ആക്രമണത്തിനിടെ രക്ഷപ്പെട്ട താലിബാന്‍ കമാന്‍ഡര്‍മാരാണ് ദേരാ ഇസ്മാഈല്‍ഖാന്‍ ആക്രമണത്തിന് പിന്നിലെ ആസൂത്രകരെന്ന് തഹ്‌രീകെ ഇന്‍സാഫ് താലിബാന്‍ (ടി ടി പി) വക്താവ് ശഹീദുല്ലാ ശാഹിദ് വ്യക്തമാക്കി. 2012 ഏപ്രിലിലുണ്ടായ ബന്നൂ ആക്രമണത്തില്‍ നാനൂറോളം പേര്‍ രക്ഷപ്പെട്ടിരുന്നു.