വിദേശ സംഭാവന: മര്‍ക്കസിനെതിരായ പ്രചാരണം വ്യാജം

Posted on: July 27, 2013 5:59 pm | Last updated: July 27, 2013 at 5:59 pm

markaz-kanakku

കോഴിക്കോട്: വിദേശ സംഭാവന സ്വീകരിച്ചതിന്റെ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ പട്ടികയില്‍ കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ വെട്ടിലായി. മര്‍ക്കസ് കൃത്യമായി കണക്കുകള്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. വെള്ളിയാഴ്ചയാണ് ചാനലുകളും ചില പത്രങ്ങളും വിദേശസഹായം സീകരിച്ചതിന്റെ കണക്ക് നല്‍കാത്ത സംഘടനകളെ സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. മാതാ അമൃതാനന്ദ മയി മഠം, ബിലീവേഴ്‌സ് ചര്‍ച്ച് തുടങ്ങി മര്‍ക്കസ് ഉള്‍പ്പെടെ കേരളത്തിലെ 813 സംഘടനകള്‍ കണക്കുകള്‍ നല്‍കിയട്ടില്ല എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായിരിക്കുകയാണ്. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 2011-2012 വര്‍ഷത്തെ വിദേശ സംഭാവനയുടെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസിന്റെ മാസാന്ത വിദേശ വരവു ചിലവു കണക്കുകള്‍ വര്‍ഷങ്ങളായി ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച് (കോഴിക്കോട്) എന്നീ ഓഫീസുകളിലേക്ക് കൃത്യമായി ഫയല്‍ ചെയ്തു വരുന്നുണട്. ഫോറം എ ഇ 6 പ്രകാരം 28.12.2012 ന് ഓണ്‍ലൈന്‍ വഴി ഓഡിറ്റ് ചെയ്ത കണക്കുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ആര്‍ക്കും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ് ഇക്കാര്യം.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കണക്ക് സമര്‍പ്പിച്ചവരുടെ പട്ടികയിലാണ് മര്‍ക്കസ് ഉള്‍പ്പെട്ടിരിക്കുന്നത്. വിവധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച ഫണ്ടിന്റെ വിശദമായ കണക്ക് ഇതില്‍ ലഭ്യമാണ്.  നിജസ്ഥിതി മനസ്സിലാക്കാതെ ചില മാധ്യമങ്ങള്‍ കാന്തപുരത്തെയും മര്‍കസിനെയും തേജോവധം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകളും ഫോട്ടോയും പ്രസിദ്ധീകരിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മര്‍ക്കസ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില മാധ്യമങ്ങളുടെ പക്ഷപാതിത്വവും അനവധാനതയും മാധ്യമ ലോകത്തിന് മുഴുക്കെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനകരമാണെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.