Connect with us

Ongoing News

മൃതദേഹങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോഴും

Published

|

Last Updated

kallichedy-new-slug

AIR INDIAകൊടിവെച്ച കാറില്‍ പറക്കുകയാണ്, മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിമാരും. സരിതയും സൗരോര്‍ജവും രാജിയും രാപ്പകല്‍ സമരവുമാണ് തിരക്കുകള്‍. അപ്പോള്‍ ഗള്‍ഫില്‍ വെച്ച് മരിച്ചവരുടെ കാര്യം. അതു നോക്കാന്‍ നേരമെവിടെ. നാലു ദിവസം ഒരു ശവം അവിടെ മോര്‍ച്ചറിയില്‍ വിശ്രമിച്ചതു കൊണ്ട് ആര്‍ക്കെന്തു ഛേദം. അതുകൊണ്ടൊന്നും മന്ത്രിസഭ നിലം പൊത്തുകയോ മുഖ്യമന്ത്രി രാജിവെക്കുകയോ രമേശ് ആഭ്യന്തര മന്ത്രിയാവുകോ ഇല്ലല്ലോ. പ്രതിപക്ഷത്തിനു രാഷ്ട്രീയ മൈലേജും കിട്ടില്ല, പിന്നെന്ത് ശവം!

മരിച്ചവരുടെ ദേഹമൊന്ന് അന്തിമമായി കാണുകയും അശ്രു കണങ്ങളര്‍പ്പിക്കുകയുമെന്നത് മനുഷ്യത്വം ഉള്ളില്‍ തങ്ങുന്നവരുടെയൊക്കെ അഭിലാഷമാണ്. അത് ഇണകളും മക്കളും ബന്ധുക്കളുമാകുമ്പോള്‍ ശക്തിയേറും. ഗള്‍ഫില്‍നിന്നും പെട്ടിയില്‍ കെട്ടിയ ശവം വീട്ടുമുറ്റത്തെത്തരുതേ എന്നാണ് ജാതിമതഭേദമന്യേ സര്‍വ ഗള്‍ഫ് കുടുംബങ്ങളുടെയും പ്രാര്‍ഥന. എന്നിട്ടും ആര്‍ക്കും തടുക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ മൃതിയടയുന്നവരുടെ ചലനമറ്റ ദേഹങ്ങള്‍, ശീതീകരിച്ച പെട്ടിയിലാക്കി വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒരു നോക്കു കാണാനായി കൊണ്ടു വരുന്നു, മണിക്കൂറുകള്‍ക്കകം കുഴിയിലേക്കെടുക്കണമെന്ന കണ്ടീഷനില്‍. ഗള്‍ഫിലെ മനുഷ്യപ്പറ്റുള്ള മനഷ്യര്‍, മരിച്ചവരുടെ ദേഹം ഒരു നിമിഷം പോലും ഇവിടെ വെക്കാന്‍ സമ്മതിക്കില്ല. ആശുപത്രിയിലും പോലീസിലും സര്‍ക്കാര്‍ ആപ്പീസുകളിലും ഓടി നടന്ന് കടലാസുകള്‍ തരപ്പെടുത്തി ആദ്യം കിട്ടുന്ന വിമാനത്തില്‍ മയ്യിത്തുകള്‍ നാട്ടിലേക്കു കൊടുത്തുവിടും അവര്‍. ഒരു നാള്‍ നമുക്കും ഇങ്ങിനെ ജീവച്ഛവമായി പെട്ടിയില്‍ മലര്‍ന്നു കിടന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാതെ “കാര്‍ഗോ” ആയി യാത്ര വേണ്ടി വന്നേക്കാമെന്ന ആലോചന മൃതദേഹങ്ങള്‍ക്കു വേണ്ടി നിസ്വാര്‍ഥമായി സേവനം ചെയ്യാന്‍ പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ക്കു കരുത്തു തരുന്നു.

ഇങ്ങനെയൊക്കെയാണ് സംഗതികളെങ്കിലും പ്രവാസികളെ പീഡിപ്പിച്ചു രസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതില്‍ മുന്നില്‍ നില്‍ക്കാറുള്ള കേന്ദ്ര സര്‍ക്കാറും എയര്‍ എന്ത്യയും എയര്‍പോര്‍ട്ട് അതോറ്റിയും ചേര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് ഇറക്കിയ ഒരു സര്‍കുലറാണ് മരിച്ചാലും രക്ഷപ്പെടാത്ത പീഡനത്തിന്റെ ഇരകളാകാന്‍ പ്രവാസികള്‍ക്ക് വിധി കല്‍പിച്ചത്. വിദേശത്തു വെച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുമ്പ് രേഖകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. “മരിക്കുന്നതിനു രണ്ടു ദിവസം സമര്‍പ്പിക്കണോ” എന്നാണ് വാര്‍ത്ത വായിച്ച ചില പ്രവാസികള്‍ പ്രതികരിച്ചത്. അഥവാ മരിച്ചാല്‍ പിന്നെ ഒരു ദിവസം പോലും വൈകാതെ തങ്ങളെ ഇവിടെനിന്നും കെട്ടുകെട്ടണമെന്ന പ്രവാസിയുടെ മനസ്സകമാണ് ഈ പ്രതികരണങ്ങളിലൂടെ പുറത്തു വന്നത്. ഇതൊക്കെ കണ്ടും കേട്ടും ആര്‍ക്കെങ്കിലും മനസ്സലിവുണ്ടായാലല്ലേ.

രാജ്യത്ത് സാംക്രമിക രോഗങ്ങള്‍ പടരുന്നതു തടയുന്നതിനാണുപോല്‍ നിയന്ത്രണം. മരിച്ചവരില്‍ എന്തു വൈദ്യ പരിശോധനയും പ്രതിരോധ ചികിത്സയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്നറിയില്ല. മരണകാരണം വ്യക്തമാക്കിയ മരണ സര്‍ട്ടിഫിക്കറ്റു വേണമെന്നും നിര്‍ദേശം ശഠിച്ചിരിക്കുന്നു. താമസസ്ഥലത്തു വെച്ചും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമൊക്കെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് “അജ്ഞാതം” എന്നാണ് ഗള്‍ഫിലെ ആശുപത്രികള്‍ കാരണം കുറിക്കുക. രോഗിയായി ആശുപത്രിയിലെത്തി പരിശോധനയില്‍ അസുഖം തിരിച്ചറിഞ്ഞ് ചികിത്സക്കിടെ മരിച്ചവര്‍ക്കു മാത്രമേ കാരണം വ്യക്തമാക്കി മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. മരണ കാരണം വ്യക്തമല്ലെങ്കില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് ഇന്ത്യയുടെ രാജ കല്‍പന. വിവരക്കേട് എഴുന്നള്ളിക്കുന്നത് വിഴുങ്ങാനിരിക്കുന്നവരല്ലല്ലോ ഗള്‍ഫുള്‍പെടെയുള്ള വിദേശ രാജ്യത്തെ ആരോഗ്യ മന്ത്രാലയങ്ങള്‍. സാധാരണ മരണങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്ന നിലപാട് അവര്‍ തിരുത്താന്‍ സന്നദ്ധമല്ല. ഫലം അനാഥ ശവങ്ങള്‍!

എംബാം സര്‍ട്ടിഫിക്കറ്റും രണ്ടു ദിവസം മുമ്പ് സമര്‍പ്പിക്കേണ്ട രേഖകളുടെ കൂട്ടത്തിലുണ്ട്. നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹത്തിന് കേടുപാടു സംഭവിക്കാതിരിക്കാന്‍ നടത്തുന്ന ശാസ്ത്രവിദ്യയാണ് എംബാമിംഗ്. മൃതദേഹങ്ങള്‍ അണുമുക്തമാക്കുകയും അഴുകാതിരിക്കാന്‍ മരുന്നു കുത്തിവെക്കുകയും ചെയ്ത പ്രക്രിയക്കു ശേഷം 48 മണിക്കൂറാണ് മൃതദേഹം സൂക്ഷിക്കാനുള്ള സമയമായി നിര്‍ദേശിക്കുന്നത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ പറയുന്നത് എംബാം കഴിഞ്ഞ് മൃതദേഹം ചുരുങ്ങിയത് 48 മണിക്കൂര്‍ അവിടെ തന്നെ വെക്കണമെന്നാണ്. എംബാം കഴിഞ്ഞ മൃതദേഹങ്ങള്‍ വീണ്ടും മോര്‍ച്ചറിയില്‍ വെക്കാറില്ല. കാര്‍ഗോ ബുക്ക് ചെയ്ത് എയര്‍പോര്‍ട്ടിലേക്കു മാറ്റും. എന്നാല്‍, കേന്ദ്ര യജമാനന്മാരുടെ അനുമതിക്കത്ത് കിട്ടുംവരെ മൃതദേഹങ്ങള്‍ കാര്‍ഗോയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ സമ്മതിക്കണ്ടേ.

നമ്മളൊക്കെ ചൊല്ലും ചെലവും കൊടുത്തു തിന്നു കൊഴുക്കാന്‍ വിടുന്ന ഈ മന്ത്രിപുംഗവന്‍മാരെയും പാര്‍ട്ടി സഖാക്കളെയും നടുറോഡിലിട്ടു ചെകിട്ടത്തു പൊട്ടിക്കാന്‍ പ്രവാസി മലയാളികളുടെ കുടുംബക്കാരും കുട്ടികളും ചൂലുമെടുത്തു തെരുവിലിറങ്ങേണ്ട കാലം വന്നു. വാര്‍ത്ത വന്നിട്ടും കണ്ട ഭാവം നടക്കാത്ത ശവങ്ങള്‍ ശവങ്ങളുടെ വേദന തിരിച്ചറിയുന്നില്ല. പ്രവാസത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് പൂച്ചെണ്ടും പൂമാലയും സമ്മാനിക്കുന്ന സംഘടനകളും നേതാക്കളും ശവങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നതില്‍ കുറ്റകരമായ മൗനം പാലിച്ചു. ശവങ്ങള്‍ക്ക് വോട്ടവകാശമില്ലെങ്കിലും ശവങ്ങളുടെ ആശ്രിതര്‍ക്ക് വോട്ടുണ്ടെന്ന് മറക്കരുതായിരുന്നു.

പ്രവാസി മലയാളികള്‍ ഊറ്റം കൊണ്ടിരിന്നു, പ്രവാസി മന്ത്രി ഞമ്മന്റെ ആളാണെന്ന്. കേന്ദ്രത്തിലെ വിദേശകാര്യ വകുപ്പിലും ഒരു മുടക്കാച്ചരക്കുണ്ട്. പ്രതിരോധത്തിന്റെ അധികാരം ആന്റണിയച്ഛനില്‍. വിമാനത്തിന്റെ സഹമന്ത്രിയും മലയാളി. പക്ഷേ, പ്രവാസി മലയാളിയുടെ മൃതദേഹങ്ങളോട് ഇവര്‍ക്കാര്‍ക്കും പ്രിയമില്ല. ശവങ്ങളുടെ പോക്കറ്റില്‍ ദിര്‍ഹമും ദീനാറുമില്ലല്ലോ. പീഡിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ ആത്മാവുകള്‍ നിങ്ങളുടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വിചിത്രങ്ങളായ വൈറസുകളായി പടരുമെന്ന് ഓര്‍ക്കുക നന്ന്.

Latest