Connect with us

Palakkad

മലമ്പുഴ ആസ്ഥാനമാക്കി മത്സ്യ ഉത്പാദന പദ്ധതിക്ക് അനുമതി: മന്ത്രി കെ ബാബു

Published

|

Last Updated

പാലക്കാട്: മലമ്പുഴ ആസ്ഥാനമാക്കി 234 ലക്ഷം രൂപയുടെ മത്സ്യ ഉത്പാദന പദ്ധതിക്ക് അനുമതി നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു അറിയിച്ചു.

ജലസംഭരണികളിലെ മത്സ്യബന്ധനത്തിനായി രൂപകല്‍പ്പന ചെയ്ത വലകളുടെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ മത്സ്യകൃഷി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി മത്സ്യവിത്ത് നിയമം കൊണ്ടുവരുമെന്നും 20 റിസര്‍വോയറുകളില്‍ മത്സ്യകൃഷി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
26 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ “ഫിഷ് മെയ്ഡ് എന്ന ട്രേഡ് മാര്‍ക്കില്‍ ഫിഷറീസ് വകുപ്പ് ഉടന്‍ വിപണിയിലെത്തിക്കും. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ വല നിര്‍മ്മാണ ഫാക്ടറി തിരുവനന്തപുരത്ത് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 1. 27 കോടി മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു.
ഈ വര്‍ഷം ഒന്നര കോടി ഉത്പാദനമാണ് ലക്ഷ്യം. മത്സ്യതൊഴിലാളികള്‍ക്കും വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യ വിളവെടുപ്പ് നടത്താന്‍ അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നു. വൃത്തിയാക്കിയ മത്സ്യം സീ ഫ്രെഷ്”എന്ന ട്രേഡ് മാര്‍ക്കിലും അന്തര്‍ദേശീയ ഗുണനിലവാരമനുസരിച്ച് ഉണക്കിയെടുത്ത മത്സ്യം ഡ്രിഷ്” എന്ന ട്രേഡ് മാര്‍ക്കിലും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച സി ഐ എഫ് ടി യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ നാസര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ വാസുദേവന്‍, ഡോ കെ വി ലളിത, എം നാസര്‍, ജില്ലാ പഞ്ചായത്തംഗം മല്ലിക സ്വാമിനാഥന്‍, ടി പ്രദീപ്, അനു രമേഷ്, കെ വി വിജയകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സെയ്തുമുഹമ്മദ് പ്രസംഗിച്ചു.