Connect with us

Articles

മന്‍മോഹന്റെ കുമ്പസാരം; മാന്ദ്യം അഭിമുഖീകരിക്കുന്നു

Published

|

Last Updated

manmohan singhകഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ വലിയൊരു തിരിച്ചുവരവ് നടപ്പ് സാമ്പത്തിക വര്‍ഷം ആരും പ്രതീക്ഷിക്കുന്നില്ല. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും കൂടുതല്‍ ഇടിയാന്‍ പാകത്തിലുള്ള ദുര്‍ബലാവസ്ഥയില്‍ തുടരുകയും ചെയ്യുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുമ്പോഴും പ്രതീക്ഷിച്ച ഒഴുക്ക് ഉണ്ടാകുന്നില്ല. കൊടിയ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന്, മുന്‍കാലങ്ങളില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകളില്‍ ചിലതെങ്കിലും മുരടിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന തോതില്‍ തുടരുന്നു, അതിന് ആധാരമായ അവശ്യ വസ്തുക്കളുടെതടക്കം വിലയിലുണ്ടായ വര്‍ധന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലുമാക്കുന്നു. സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലധികമൊന്നും വേണ്ടതില്ല. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. വാണിജ്യ, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ അസോചമിന്റെ യോഗത്തില്‍ പങ്കെടുക്കവേ കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹം അത് തുറന്നു പറഞ്ഞത് എന്നു മാത്രം. 
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കിലുണ്ടായ കുറവും ആശങ്കപ്പെടുത്തുന്ന ഘടകങ്ങളല്ലെന്നും സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികള്‍ ഇവ മറികടക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. രാജ്യത്ത് നിക്ഷേപമിറക്കിയവരുടെയും നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നവരുടെയും മനോവീര്യം നിലനിര്‍ത്താന്‍ ഈ ആവര്‍ത്തനങ്ങള്‍ സഹായിച്ചേക്കാം. അതു പോലും പരിഗണിക്കാതെ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് വൈകിയാണെങ്കിലും പ്രധാനമന്ത്രി തുറന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്ന് വഴുതുകയാണെന്ന് വ്യക്തം. അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാറിനും പിടിവള്ളിയായുള്ളത് സാമ്പത്തിക വളര്‍ച്ച ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തണമെന്ന വാദമാണ്. എതിര്‍ ചേരിക്ക് നേതൃത്വം നല്‍കാന്‍ നരേന്ദ്ര മോഡി എത്തുകയും തീവ്ര ഹിന്ദുത്വ അജന്‍ഡ തിരിച്ചെടുക്കുകയും ചെയ്തതിലൂടെ അത് കോണ്‍ഗ്രസിന് സമ്മാനിച്ച ചെറിയ മുന്‍തൂക്കം അവഗണിക്കുന്നില്ല. എങ്കിലും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുറന്നിട്ട പുതിയ സൗകര്യങ്ങളും അതിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷ പോലുള്ള ജനപ്രിയ പദ്ധതികള്‍ നടപ്പാക്കലും തന്നെയാണ് കോണ്‍ഗ്രസിന് പ്രചാരണ രംഗത്ത് ഉപയോഗിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍.
ഈ സാഹചര്യത്തിലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയെ ഉത്കണ്ഠ ജനിപ്പിക്കും വിധത്തില്‍ അഭിമുഖീകരിക്കുകയാണെന്ന തുറന്നു പറച്ചില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 1984ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ആരംഭിക്കുകയും രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് വിശാലമാക്കുകയും 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനകാര്യ വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ഊര്‍ജിതമാക്കുകയും ചെയ്തതാണ് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍. ഇവയെ തീര്‍ത്തും എതിര്‍ക്കുന്ന ഒരു ഭരണ സംവിധാനത്തിന് പോലും തിരിച്ചുനടത്തം എളുപ്പമല്ലാത്ത വിധത്തിലേക്കാണ് ധനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗ് കാര്യങ്ങളെ എത്തിച്ചത്. താനൊരു ചൂതാട്ടത്തിന് ഇറങ്ങുകയാണെന്ന് അന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. ചൂതാട്ടത്തിന് പല പ്രത്യേകതകളുണ്ട്. സംഘടിപ്പിക്കപ്പെടുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് പുരോഗമിക്കുമെന്നതാണ് അതില്‍ പ്രധാനം. പുതുതായി എത്തുന്ന കളിക്കാരന് തുടക്കത്തില്‍ വലിയ പ്രോത്സാഹനം നല്‍കി, കൂടുതല്‍ ആവേശത്തോടെ കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കും. ഈ കളിക്കാരന് പിന്നീട് കൈനഷ്ടമുണ്ടാകുമെന്ന് ഉറപ്പ്. കൈനഷ്ടം തിരിച്ചെടുക്കാനും കൂടുതല്‍ ലാഭം നേടാനുമുദ്ദേശിച്ചാകും പുത്തന്‍കൂറ്റുകാരന്റെ പിന്നത്തെ കളി. ഒടുവില്‍ പാപ്പരായി പുറത്താകുമ്പോള്‍, ചൂതാട്ടത്തിന്റെ സംഘാടകര്‍ തന്നെ ഇയാളെ വേട്ടയാടുകയും ചെയ്യും. രാജ്യത്തെ, ഏറെക്കുറെ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെ ചൂതാട്ടം.
1991ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് നാലര ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനത്തിലെത്തിയപ്പോള്‍ ഏതാണ്ട് പഴയ കാലത്തിലേക്ക് രാജ്യം തിരിച്ചെത്തിയെന്ന് അര്‍ഥം. പുതിയ കാലത്തെ നിക്ഷേപ സാഹചര്യങ്ങളും ഉത്പാദന, വിപണന സമ്പ്രദായങ്ങളും കണക്കാക്കുമ്പോള്‍ അഞ്ച് ശതമാനം വളര്‍ച്ചാ നിരക്കെന്നത് പഴയ (നാലരയുടെ കാലത്തെ) സാമ്പത്തിക ആരോഗ്യം ഇപ്പോഴില്ല എന്ന് തന്നെയാണ് കാണിക്കുന്നത്. അതേസമയം അന്നത്തേതിനേക്കാള്‍ വേഗത്തിലും വലിപ്പത്തിലും രാജ്യത്തിന്റെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നുമുണ്ട്. കൈനഷ്ടം തിരിച്ചെടുക്കാന്‍ കളിക്കുന്ന ചൂതാട്ടക്കാരന്‍, കൂടുതല്‍ നഷ്ടങ്ങള്‍ക്ക് സാക്ഷിയായി നില്‍ക്കുന്ന സ്ഥിതി.
എന്നാല്‍ ഇത് മനസ്സിലാക്കിയാണോ കേന്ദ്ര സര്‍ക്കാറും മന്‍മോഹന്‍ – ചിദംബരം – മൊണ്ടേക് സിംഗ് അലുവാലിയ സഖ്യം മുന്നോട്ടുപോകുന്നത് എന്നതില്‍ സംശയുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ട് ചൂതാട്ടം തുടരുകയാണോ എന്നതിലാണ് കൂടുതല്‍ സംശയം. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറെ ഉയര്‍ന്നു നിന്ന കാലത്ത്, റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി, വിപണിയിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കുകയാണ് ധന മന്ത്രാലയം ചെയ്തത്. പൊതുവിപണിയില്‍ ഇടപെട്ടും അവധി വ്യാപാരത്തെ നിയന്ത്രിച്ചും പൂഴ്ത്തിവെപ്പ് തടഞ്ഞും വിലക്കയറ്റം നിയന്ത്രിക്കാനും പണപ്പെരുപ്പം വരുതിയിലാക്കാനും ശ്രമിച്ചില്ലെന്ന് അര്‍ഥം. വിപണിയിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിച്ചത് വിപണിയെ ദോഷകരമായി ബാധിക്കുകയും നിര്‍മാണ മേഖലയിലെ വളര്‍ച്ചാ മുരടിപ്പിന് കാരണമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ രൂപയുടെ മൂല്യം ഏണിപ്പടികള്‍ തകര്‍ന്നതു പോലെ താഴേക്ക് പതിച്ചപ്പോഴും ധനമന്ത്രാലയവും റിസര്‍വ് ബേങ്കും സ്വീകരിക്കുന്നത് സൂക്ഷ്മമായ സാമ്പത്തിക ഉപകരണങ്ങളെയാണ്. ഹ്രസ്വകാല വായ്പാ നിരക്ക് വര്‍ധിപ്പിച്ചത് അതുകൊണ്ടാണ്. ബേങ്കുകളിലും റിസര്‍വ് ബേങ്കിലും നീക്കിയിരിപ്പ് കൂടുതല്‍ ഉണ്ടായാല്‍, നാണയ വിപണിയില്‍ രൂപയുടെ ആരോഗ്യം മെച്ചപ്പെടുമെന്ന സിദ്ധാന്തം. ഹ്രസ്വകാല വായ്പാ നിരക്ക് വര്‍ധിപ്പിച്ച തീരുമാനം വന്നതിനു പിറ്റേന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നിടുള്ള ദിവസങ്ങളില്‍ രൂപ ദുര്‍ബലയാകുന്നതാണ് കണ്ടത്. അണക്കെട്ടിന്റെ ചോര്‍ച്ച, തുണിതിരുകി അടക്കാന്‍ ശ്രമിക്കുന്നത് പോലെ നിരര്‍ഥകമായിരുന്നു നടപടികള്‍ എന്നര്‍ഥം.
സാമ്പത്തികമാന്ദ്യത്തിന്റെ കയത്തില്‍ നിന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവന്നുവെന്നാണ് അവിടുത്തെ ഭരണകൂടം കണക്കാക്കുന്നത്. ഡെട്രോയിറ്റ് പോലുള്ള നഗരങ്ങള്‍ പാപ്പരായി, ഉപേക്ഷിക്കപ്പെട്ട് തുടരുമ്പോഴും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലെ വര്‍ധന, നിര്‍മാണ മേഖലയില്‍ ചെറുതായെങ്കിലുമുണ്ടായ വളര്‍ച്ചാ വര്‍ധന എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് മാന്ദ്യത്തില്‍ നിന്ന് തിരിച്ചെത്തി എന്ന് അവര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദത്തിന്റെ ബലത്തില്‍, സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഡോളറിന് കരുത്തേകാന്‍ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ശ്രമിച്ചു. ആ ശ്രമമാണ് ഇന്ത്യന്‍ രൂപയെ കൊടുങ്കാറ്റിലകപ്പെട്ട കരിയിലയുടെ അവസ്ഥയിലെത്തിച്ചത്. കൂറേക്കൂടി ശക്തമായ നടപടികള്‍ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചാല്‍ എന്താകും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്രത്തോളം ആശ്രിതത്വം, ചൂതാട്ടത്തിന്റെ രണ്ട് ദശാബ്ദത്തിനിടെ രൂപക്കുണ്ടായിരിക്കുന്നു. ഈ അവസ്ഥ മാറ്റി, സ്വതന്ത്ര കറന്‍സിയായി രൂപയെ മാറ്റിയെടുക്കണമെങ്കില്‍ കര്‍ശനമായ നടപടികള്‍ക്ക് നമ്മുടെ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി, വലിയ ലാഭം സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം ഇല്ലാതാക്കുകയാണ്. അതിന് തയ്യാറായാല്‍, ആഭ്യന്തര വിപണിയെ സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ മേലാവിന്റെ ആരോപണം ശക്തമാകും. മേലാവിന്റെ അപ്രീതി സമ്പാദിക്കാന്‍ മന്‍മോഹനോ ചിദംബരമോ അലുവാലിയയോ തയ്യാറാകില്ലെന്ന് ഉറപ്പ്. വിലക്കയറ്റം നാട്ടുകാര്‍ക്കുണ്ടാക്കുന്ന പൊറുതിമുട്ടിനേക്കാള്‍ മേലാവിന്റെ ഇംഗിതങ്ങള്‍ക്കാണ് ചൂതാട്ടക്കാരന്‍ എപ്പോഴും മുന്‍ഗണന നല്‍കുക.
കൂടുതല്‍ വിദേശനിക്ഷേപമാണ് പ്രതിസന്ധി നേരിടാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറയുന്നത് അതുകൊണ്ടാണ്. അതിന് അവസരമൊരുക്കും വിധത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതും. പ്രകൃതി വാതകത്തിനുള്ള വില വര്‍ധിപ്പിക്കണമെന്ന റിലയന്‍സിന്റെ ആവശ്യത്തിന് വഴങ്ങുന്ന സര്‍ക്കാര്‍, അടുത്ത നിമിഷം പെട്രോളിയം മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത് ഉദാഹരണമാണ്. പ്രകൃതി വാതകത്തിന് വില ഉയര്‍ത്തുമ്പോള്‍, അത് ഇന്ധനമായ വൈദ്യുതോത്പാദനത്തിന് ചെലവേറും. ഉപഭോക്താവ് കൂടുതല്‍ വില വൈദ്യുതിക്ക് നല്‍കേണ്ടിയും വരും. വൈദ്യുതിയെ ആശ്രയിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും ഉത്പാദനച്ചെലവ് വര്‍ധിക്കും. അതിന്റെ ഭാരവും സാധാരണക്കാരോ കര്‍ഷകരോ ഇടത്തരക്കാരോ ഒക്കെ വഹിക്കേണ്ടിയും വരും. പക്ഷേ, പ്രകൃതി വാതക വില ഉയര്‍ത്തിയാലേ ഈ മേഖലയില്‍ നിന്നുള്ള ലാഭത്തിലേക്ക് കണ്ണെറിയുന്നവര്‍ക്ക് തൃപ്തിയാകൂ. അങ്ങനെ കണ്ണെറിഞ്ഞിരിക്കുന്നവര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തി നല്‍കുകയും വേണം. ഇതേ മാതൃകയിലാകും പ്രതിസന്ധിയെ നേരിടാനുള്ള തുടര്‍നടപടികള്‍ വരുംകാലത്ത് ഉണ്ടാകുക. അതിനുള്ള മുന്‍കൂര്‍ ജാമ്യമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ, ഉത്കണ്ഠ ജനിപ്പിക്കുന്ന പ്രതിസന്ധി ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍.
നിക്ഷേപകരുടെ ആത്മവീര്യം നിലനിര്‍ത്താന്‍ ആശങ്കക്ക് വകയില്ലെന്ന് പറയുന്ന ചിദംബരവും ഉത്കണ്ഠ ജനിപ്പിക്കുന്ന പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്ന മന്‍മോഹന്‍ സിംഗും അഭിസംബോധന ചെയ്യുന്നത് ഒരേ വിഭാഗത്തെ തന്നെയാണ്. അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ്, വോട്ടര്‍മാര്‍ കൂടിയായ നാട്ടുകാര്‍. അവര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണങ്ങളാണ് തൊഴിലുറപ്പോ ഭക്ഷ്യസുരക്ഷയോ പോലുള്ള പദ്ധതികള്‍. അത് ഭുജിച്ച് കാത്തിരിക്കുക. വറുതിയുടെ പുതിയ കാലത്തിനായി. ചൂതാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും.

 

sankaranrajeev@gmail.com

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest