Connect with us

Kozhikode

മെഡി. കോളജില്‍ നാല് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് കൈമാറി

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ തിരിച്ചറിയപ്പെടാത്ത നാല് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കി. ഇത്രയധികം മൃതദേഹങ്ങള്‍ ഒറ്റയടിക്ക് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കുന്നത് അപൂര്‍വമാണ്. 

സാധാരണ അവസ്ഥയില്‍ ബന്ധുക്കളെത്താത്ത മൃതദേഹങ്ങളാണ് എളുപ്പം പഠനത്തിന് കൈമാറാനാകുക. ആശുപത്രി വാര്‍ഡുകളില്‍ സ്വാഭാവിക അസുഖം കാരണം മരണം സംഭവിച്ച അജ്ഞാത മൃതദേഹങ്ങളാണ് ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അനാട്ടമി വിഭാഗത്തിന് നല്‍കിയത്.
അപകട മരണം സംഭവിച്ച് തിരിച്ചറിയപ്പെടാത്തതും ബന്ധുക്കളെത്താത്തതുമായ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന് ലഭിക്കാറുണ്ടെങ്കിലും പോലീസ് റെക്കോര്‍ഡുകള്‍ ശരിയാക്കാനുണ്ടാകുന്ന കാലതാമസം മൂലം വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാറില്ല. മരണപ്പെട്ട് ഒരു മാസത്തിനകം മൃതദേഹം ലഭിച്ചാലേ അനാട്ടമി വിഭാഗത്തിന് ഉപയോഗം നടക്കുകയുള്ളൂ.
മൃതദേഹക്ഷാമം കാരണം ഇതിന് മുമ്പ് കോഴിക്കോട്ടേക്ക് മറ്റ് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം എത്തിച്ചിരുന്നു. ഇപ്പോള്‍ ആവശ്യത്തിന് മൃതദേഹങ്ങള്‍ ഇവിടെ തന്നെ ലഭിക്കുന്നുണ്ടെന്ന് അനാട്ടമി വിഭാഗം അറിയിച്ചു.
എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം വരെ ഒരു മൃതദേഹം ഉപയോഗിക്കാനാകും. ശേഷം സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. മെഡിക്കല്‍ കോളജില്‍ 250ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 20 കുട്ടികള്‍ക്ക് ഒരു മൃതദേഹം എന്നാണ് കണക്ക്.
ഇതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുപോയത് ഏറെ വിവാദമായിരുന്നു.

Latest