സരിത രഹസ്യ മൊഴി നല്‍കി; ഉന്നതരെ കുറിച്ച് നിര്‍ണായക വിവരങ്ങളെന്ന് സൂചന

Posted on: July 21, 2013 6:29 am | Last updated: July 21, 2013 at 8:07 am

Saritha-S-Nair

 

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധമുള്ള ചില ഉന്നതര്‍ക്കെതിരെ സരിത എസ് നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി. ഉന്നതരെക്കുറിച്ചുള്ള തന്റെ മൊഴികള്‍ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് കൊച്ചിയിലെ അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എന്‍ വി രാജു മുമ്പാകെ സരിത പരാതിപ്പെട്ടതായും അറിയുന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍ ഇത് പുറത്തുപറയാന്‍ പാടില്ലെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോള്‍ കോടതിയോട് രഹസ്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ജഡ്ജിയുടെ ചേംബറിനരികെ സരിത എത്തിയെങ്കിലും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ സമയം കോടതിയില്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഉച്ചക്ക് ശേഷം രഹസ്യ മൊഴി എടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.