പാവം പട്ടികള്‍, ഒരു കൊളാഷ്!

  Posted on: July 20, 2013 9:51 pm | Last updated: July 21, 2013 at 10:54 pm

  ken-byline

  ഞാന്‍ കൊള്ള ചെയ്തു,’ ഞാന്‍ ബലാല്‍സംഗം ചെയ്തു’, ഞങ്ങള്‍ക്ക് മോഡിജിയുടെ നിര്‍ദേശമുായിരുന്നു,’ ഞങ്ങളെ സഹായിക്കാനായി പോലീസ് എപ്പോഴുണ്ടായിരുന്നു’ എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം നടത്തിയതു ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രമാണു പുറത്തു കൊുവന്നത്. (ഷോമാചൗധരി)

  ദുര്‍ബലമായ ശബ്ദത്തില്‍ വെറുപ്പോടെ ബാനു പറഞ്ഞു ‘നാണമില്ലാത്തവര്‍’. ‘എത്രയോ കാലമായി അടുത്തറിയുന്നവരാണ് എന്നെ ബലാത്സംഗം ചെയ്തത്. എന്റെ കുഞ്ഞിനെ കൊന്നത്. എനിക്ക് എങ്ങനെ മറക്കാനും പൊറുക്കാനും കഴിയും?’

  നാലുപേര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, നരേഷ് മോരിയ….എല്ലാവരേയും അവള്‍ക്ക് അടുത്തറിയാമായിരുന്നു.
  ഇതെല്ലാം ചെയ്തത് അയല്‍വാസികളായ പുരുഷന്‍മാരായിരുന്നു. അവളുടെ വീട്ടില്‍നിന്ന് പാലുവാങ്ങുകയും കുട്ടിക്കാലംമുതലേ അവളെ അറിയുന്നവരുമായിരുന്നു.
  കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യം ഏറെ മുന്നോട്ടുപോയെന്നും ഗുജറാത്തിലെ കലാപം പഴയ കഥയെന്ന് അറിവുള്ളവര്‍പോലും വിലയിരുത്തുകയും ചെയ്യുമ്പോഴും ഒളിവിലാണ് ബാനു. ബാനുവിനെപ്പോലെ നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ ബാക്കിയും. ഗോധ്രയില്‍ തന്റെ ഗ്രാമത്തില്‍ പിന്നീട് ബാനു പോയിട്ടില്ല. അവിടെ ഇനി ഒന്നും അവശേഷിക്കുന്നില്ല എന്നതാണ് കാര്യം. ആ പ്രേതഭൂമിയിലേക്ക് പോയിട്ടില്ല………
  നീണ്ട നിയമയുദ്ധങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി ഗുജറാത്തില്‍ മാനഭംഗത്തിന്നിരയായ സ്ത്രീകള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 2.75 കോടിരൂപ 2011ല്‍ അനുവദിച്ചു. എന്നാല്‍ അതു വിതരണം ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയാറായില്ല. 419 പേര്‍ ഇതിന് അര്‍ഹരായവരുണ്ടെങ്കിലും വിതരണം ചെയ്തില്ല. കാലാവധി കഴിഞ്ഞതോടെ ഫണ്ട് ലാപ്‌സായി. ഒടുവില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു.(പോരാട്ടങ്ങള്‍: മുഖം മറച്ചു നില്‍ക്കുന്നതെന്തിന്? കെ മോഹന്‍ലാല്‍: ഭാഷാപോഷിണി വാര്‍ഷികപതിപ്പ് 2013)

  puppyഎഴുപതുമുതല്‍ എണ്‍പതുവരെ ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു പ്രക്രിയയായിരുന്നു ഗുജറാത്തിലെ വംശഹത്യ. ഈ കാലദൈര്‍ഘ്യമാണ് ഗുജറാത്ത് വംശഹത്യയുടെ ഒരു സവിശേഷത. മറ്റൊന്ന് ഇതില്‍ ഉപയോഗിക്കപ്പെട്ട സാങ്കേതികവിദ്യയുടെ ഉയര്‍ന്ന ശേഷിയാണ്. ഉദാഹരണമായി കോണ്‍ഗ്രസ് മുന്‍ എം പി ഇര്‍ഫാന്‍ ജഫ്രിയുടെ വീട് ആക്രമിക്കാന്‍ കലാപകാരികളുപയോഗിച്ച രാസവസ്തു അത്യധികം ശ്രദ്ധയര്‍ഹിക്കുന്നതാണ്. ലോകത്തിന്റെ യുദ്ധചരിത്രത്തില്‍ ഇസ്രായേലികള്‍ മാത്രമാണ് ഇത്തരമൊരു രാസവസ്തു ഉപയോഗിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ശത്രുവിന്റെ മൃതശരീരത്തിലെ അസ്ഥികള്‍പോലും ദ്രവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു സവിശേഷത അതിലുടനീളം നടന്ന ബലാല്‍ക്കാരമായിരുന്നു. ഈ ബലാല്‍ക്കാരങ്ങളെല്ലാം ഒരുസംഘം ആളുകളാണ് നിര്‍വഹിച്ചത്. അവരൊന്നും അപരിഷ്‌കൃതരായിരുന്നില്ല. അയല്‍ക്കാരായിരുന്നു.

  ‘ഗുജറാത്ത് കലാപങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ടീമിനെ നയിക്കുന്നത് രാഘവനാണ്. രാഘവന്റെ അന്വേഷണങ്ങള്‍ അവസാനിക്കുന്നതേയില്ല. എല്ലാ അന്വേഷണങ്ങളും മോഡിക്കനുകൂലമായാണ് നീങ്ങുന്നത്. ഏറെ വൈകാതെ രാഘവന് പത്മഭൂഷണ്‍ കിട്ടാനും സാധ്യതയുണ്ട്. വസ്തുതകളുടെ കുറവല്ല ഗുജറാത്തിലുള്ളത്. വസ്തുതകളിലേക്ക് നോക്കാനുള്ള പ്രതിബദ്ധതയില്ലായ്മയാണ്. അവസരവാദമാണ് ഗുജറാത്തിലെ ഉദ്യോഗസ്ഥതലത്തെ നയിക്കുന്നത്. നേരത്തെപറഞ്ഞതുപോലെ ഗുജറാത്തിലെ കടലോരം മുഴുവന്‍ ആദാനിയുടെ കൈയിലാണ്. അവിടത്തെ മലയോരവും കാടും ടാറ്റാമാരുടെ കൈയിലാണ്. വളര്‍ന്നുവരുന്ന നഗരങ്ങളിലെല്ലാം കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു.’ (അമിതാധികാരം, ഉന്മൂലനം, ഫാസിസം: ശിവ്‌വിശ്വനാഥ് മാതൃഭൂമി വാരിക, 2013 മേയ് 26ജൂണ്‍ 1) ഗുജറാത്ത് വംശഹത്യ എപ്രകാരമാണ് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന് വഴിയൊരുക്കുന്നതെന്നാണ് ശിവ്‌വിശ്വനാഥ് വിശദമാക്കുന്നത്.

  ‘മനുഷ്യന്‍ പട്ടിയായി'(The man turned dog)എന്ന പേരില്‍, ഓസ്‌വാള്‍ഡ് ഡ്രാഗണ്‍ എഴുതിയ ഒരു നാടകത്തെക്കുറിച്ച് വായിച്ചതോര്‍മ്മയിലുണ്ട്. തൊഴിലില്ലായ്മയുടെ രൂക്ഷത നിമിത്തം ആദ്യം ഒരു പ്രമാണിയുടെ പട്ടിവളര്‍ത്തുകാരനായി. ആ പട്ടി ചത്തപ്പോള്‍ മുതലാളിയേക്കാളേറെ ദു:ഖിച്ചത് അയാളാണ്. മുതലാളിക്ക് നഷ്ടമായത് ഏറെ പ്രിയപ്പെട്ട പട്ടിയെ, എന്നാലയാള്‍ക്ക് നഷ്ടമായത് സ്വന്തം ജീവിതവും. ഒടുവിലയാള്‍ സ്വയം ‘പട്ടി’യായി ആ കൂട്ടില്‍ കയറുന്നു! എന്നിട്ടയാള്‍ ശരിക്കുള്ള പട്ടിയേക്കാള്‍ നന്നായി യജമാനന്റെ കാല് നക്കുകയും വാലാട്ടുകയും ചെയ്യുന്നു! യജമാനന്‍, ഒറിജിനല്‍ പട്ടിയുടെ മരണത്തിലുള്ള സങ്കടം മറന്ന് സംതൃപ്തനാവുന്നു. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ കാലത്ത് എല്ലായിടത്തും, പ്രത്യേകിച്ച് മോഡിഗുജറാത്തിലും ഈ നാടകത്തിന് പുതിയ രംഗപാഠങ്ങള്‍ സാധ്യമാവുമെന്ന് തോന്നുന്നു.
  ഫാസിസ്റ്റ് സ്പര്‍ശമേല്‍ക്കുമ്പോള്‍ ചരിത്രം ചോര മാത്രം കുടിക്കുന്ന ഒരു രക്തരക്ഷസായി മാറും. അപ്പോള്‍ ‘പീഡിതര്‍’ വെറും ‘പട്ടിക്കുട്ടികള്‍’ എന്ന് വിളിക്കപ്പെടും! മഴവില്ലുകള്‍ക്കു തീകൊടുക്കുമ്പോഴും ഫാസിസ്റ്റ് കൈകള്‍ വിറയ്ക്കുകയില്ല. മഹത്വത്തെ മലിനപ്പെടുത്തുമ്പോഴും അവരുടെ മനസ് പതറുകയില്ല. കാരണം ഫാസിസ്റ്റുകള്‍ എന്നും എവിടെയും ഫാസിസ്റ്റുകളാണ്.

  വംശഹത്യയുടെ ചോരയില്‍ വിടര്‍ന്ന അവരുടെ താമരയിതളുകള്‍ക്കുളളില്‍ വിങ്ങുന്നത് ഒരഭയാര്‍ത്ഥി ജനതയുടെ തേങ്ങലാണ്.
  വംശഹത്യ നടന്ന് രണ്ട് മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് ബോംബെയില്‍ നിന്ന് ഗുജറാത്ത് സന്ദര്‍ശിച്ച ഒരു മുസ്ലിം സാമൂഹ്യ പ്രവര്‍ത്തകനെ യാത്രയില്‍ സഹായിച്ചത് മനീഷ് എന്ന ഹിന്ദു യുവാവാണ്. കലാപം നടന്ന സ്ഥലങ്ങളെല്ലാം അവരൊന്നിച്ച് സന്ദര്‍ശിച്ചു. പിരിയാന്‍ നേരത്ത് മനീഷ് പറഞ്ഞു.നിങ്ങളെ വീട്ടില്‍ വിളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ചെറിയൊരു മുസ്ലീം കുട്ടി അബദ്ധത്തില്‍ ഞങ്ങളുടെ കോളനിയില്‍ എത്തിപ്പെട്ടാല്‍ അതിന് ജീവനോടെ തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് എന്നോട് ക്ഷമിക്കണം.’

  എന്നാല്‍ മനസ്സ് മരവിച്ചുപോയ ഒരു ഫാസിസ്റ്റിനെ ഒരിക്കലും കുറ്റബോധം വേട്ടയാടുകയില്ല. കാരണം അവര്‍ക്ക് മറ്റുള്ളവര്‍ മനുഷ്യരല്ല മറിച്ച് ഉന്മൂലനം ചെയ്യപ്പെടേ അന്യരാണ്. വെറും പട്ടിക്കുട്ടികളാണ്.

  പാട്യാലയില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വളണ്ടിയറായി സേവനമനുഷ്ഠിച്ച ഒരു പ്രൊഫസര്‍ തന്റെ വാര്‍ധക്യകാലത്ത് കഴിഞ്ഞുപോയ ചിലകാര്യങ്ങള്‍ ഓര്‍ക്കുന്നത് ഭനിശ്ശബ്ദതയുടെ മറുപുറം’ എന്ന ഉര്‍വ്വശീ ഭൂട്ടാലയുടെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. പാട്യാലയില്‍ ഒരു ഫാസിസ്റ്റ് വളണ്ടിയര്‍ ആയിരുന്നപ്പോള്‍ അയാളൊരു ബലാല്‍സംഗത്തിന് സാക്ഷിയായിരുന്നു. പീഡിതയായ സ്ത്രീ പൊട്ടിക്കരയുകയും ഞരങ്ങുകയും ചെയ്യുന്നത് മനസ്സില്‍ ഒരു വേദനയും കൂടാതെ കേട്ടുനില്‍ക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞു. കാരണം അന്നയാള്‍ ഒരു ഉറച്ച ഒരു ഫാസിസ്റ്റ് വളണ്ടിയറായിരുന്നു. 50 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നയാള്‍ അന്നത്തെ സംഭവമോര്‍ത്ത് വിതുമ്പുന്നു.. ആ സ്ത്രീയെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്നു. കാരണം ഇന്നയാള്‍ ഒരു ഫാസിസ്റ്റ് വളണ്ടിയറല്ല.

  മോഡി ഇന്നും ഒരു നല്ല ഫാസിസ്റ്റ് വളണ്ടിയറാണ്. സ്വയം സാക്ഷ്യപ്പെടുത്തിയത്‌പോലെ വെറുമൊരു ‘ഹിന്ദു ദേശീയവാദി’ മാത്രമാണ്. ‘കലാപകാലത്ത് (വംശഹത്യയെന്ന് തിരുത്തി വായിക്കണം) ചെയ്തതെല്ലാം പൂര്‍ണമായും ശരിയാണ്.’ ഒരക്ഷരത്തെറ്റും സംഭവിച്ചിട്ടില്ല എന്നാണിപ്പോളദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്! 2007ല്‍ ഥാപ്പറുടെ വംശഹത്യസംബന്ധമായ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ചൂളി, വെള്ളം കുടിച്ച്, ഇറങ്ങിയോടിയപ്പോള്‍, പറയാനാവാതെപോയതാണ്; ഥാപ്പറുടെ ‘മോഡിസാഹബ്’ ഇപ്പോള്‍ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. ‘സത്യം’ എന്തായാലും സ്വന്തം മനസ്സിലുള്ളത് പതിനൊന്ന് കൊല്ലത്തിനു ശേഷമെങ്കിലും തുറന്ന് പറഞ്ഞതിന്, ‘പട്ടിക്കുട്ടികളും, സിംഹക്കുട്ടികളുമെല്ലാം’ മോഡിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഒരു ‘സംസ്ഥാനം’ കുട്ടിച്ചോറാക്കാന്‍ ഒരു മോഡി മതിയാവുമെങ്കില്‍, ഒരു രാജ്യം മുഴുവന്‍ കുട്ടിച്ചോറാക്കാന്‍ എത്ര മോഡിമാര്‍ വേണ്ടിവരും? എന്നൊരു ചോദ്യമാണ് ഇന്ന് നമ്മെ തുറിച്ചുനോക്കുന്നത്.