അദിതി വധം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Posted on: July 19, 2013 12:04 pm | Last updated: July 19, 2013 at 12:04 pm

adhithi-featuredകോഴിക്കോട്: ബിലാത്തിക്കുളത്ത് ആറര വയസ്സുകാരി അദിതി രക്ഷിതാക്കളുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടക്കാവ് സി ഐ പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അദിതിയുടെ പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരി ഒന്നാം പ്രതിയായും രണ്ടാനമ്മ റംല ബീഗം എന്ന ദേവകി അന്തര്‍ജനം രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 323, 324, 307, 302 വകുപ്പുകള്‍ പ്രകാരവും ജുവൈനല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അദിതിയുടെ സഹോദരന്‍ അരുണ്‍ എസ് നമ്പൂതിരി ഉള്‍പ്പെടെ 45 സാക്ഷികളാണ് കേസില്‍ ഉള്ളത്.

77 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. രക്ഷിതാക്കളുടെ നിരന്തരമായ പീഡനമാണ് അദിതിയുടെ മരണത്തില്‍ കലാശിച്ചതെന്ന് 425 പേജ് വരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 30ന് പുലര്‍ച്ചെയോടെയാണ് അച്ഛന്റെയും രാണ്ടനമ്മയുടെയും ക്രൂരമര്‍ദനത്തെതുടര്‍ന്ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ബി. ഇ. എം. യു. പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അദിതി എസ്. നമ്പൂതിരി(6) മരിച്ചത്.