സച്ചിനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കി

Posted on: July 17, 2013 1:03 am | Last updated: July 17, 2013 at 1:03 am

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മാറ്റി. അടിസ്ഥാന പരിശീലന വിമാനമായ പൈലറ്റസ് ആണ് ഇനിമേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍.
വൈമാനികരുടെ പരിശീലനത്തിനുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് നിര്‍മിതമായ 14 പൈലറ്റസ് വിമാനങ്ങള്‍ ഇതിനകം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഹൈദരാബാദിലാണ് ഈ വിമാനത്തിന്റെ പരിശീലനകേന്ദ്രം.
വ്യോമസേനയില്‍ ചേര്‍ന്ന് രാഷ്ട്രസേവനം നടത്താന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുമെന്ന പ്രതീക്ഷയിലാണ് സച്ചിനെ ഗ്രൂപ്പ് ക്യാപ്റ്റനെന്ന ഓണററി റാങ്ക് നല്‍കി ബ്രാന്‍ഡ് അംബാസഡറാക്കിയത്. പക്ഷെ ഈ നീക്കം ഉദ്ദേശിച്ച ഫലം ചെയ്തില്ല.
ക്രിക്കറ്റിലെ വന്‍ നേട്ടങ്ങളും രാജ്യത്തിന് നല്‍കിയ മഹനീയ സേവനങ്ങളും പരിഗണിച്ച് 2011ലാണ് ഇന്ത്യന്‍ വ്യോമസേന ടെണ്ടുല്‍ക്കര്‍ക്ക് ഗ്രൂപ്പ് ക്യാപ്റ്റനായി ഓണററി റാങ്ക് നല്‍കി ആദരിച്ചത്. വ്യോമയാന പശ്ചാത്തലമില്ലാത്ത ഒരു കായികതാരത്തെ ഇന്ത്യന്‍ വ്യോമസേന റാങ്ക് നല്‍കി ആദരിക്കുന്നത് ആദ്യമായിട്ടായിരുന്നു.