വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയ ആദ്യ പാര്‍ട്ടിയായി സി പി ഐ

Posted on: July 16, 2013 6:00 am | Last updated: July 15, 2013 at 10:31 pm

cpiന്യൂഡല്‍ഹി: സി പി ഐക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത് മൂന്ന് കോടിയിലേറെ രൂപ. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളാണെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി ഐ സി) പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് വിവരം സി പി ഐ വെളിപ്പെടുത്തിയത്. വിവരാവകാശ നിയമമനുസരിച്ച് ഉന്നയിക്കുന്ന അന്വേഷണങ്ങള്‍ക്ക് ആറ് മാസത്തിനകം മറുപടി നല്‍കണമെന്നും സി ഐ സി നിര്‍ദേശിച്ചിരുന്നു.
2008 മുതല്‍ പാര്‍ട്ടിക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഫണ്ടിലേക്ക് ലഭിച്ചത് 31,362,341 രൂപയാണെന്ന് സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് മറുപടി ലഭിച്ചു. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളും ഇതില്‍ ഉള്‍പ്പെടും. വിവരാവകാശ നിയമമനുസരിച്ച് നടത്തിയ അന്വേഷണത്തിന് മറുപടി നല്‍കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി സി പി ഐ ആണെന്നതില്‍ പാര്‍ട്ടിക്ക് അഭിമാനിക്കാമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഗര്‍വാള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ബി ജെ പി, ബി എസ് പി തുടങ്ങിയ കക്ഷികള്‍ക്ക് നൂറുകണക്കിന് കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് ലഭിച്ചതായി ആദായ നികുതി വകുപ്പ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനോട് സി പി ഐക്കും വിയോജിപ്പുണ്ട്. എന്നിട്ടും വിവരാവകാശ നിയമത്തിന് കീഴില്‍ ഫണ്ട് വിവരം വെളിപ്പെടുത്താന്‍ സി പി ഐ തയ്യാറാകുകയായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബി ജെ പി, എന്‍ സി പി, സി പി എം, സി പി ഐ, ബി എസ് പി എന്നീ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക,് ഗണ്യമായ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്നും അവ പൊതുസ്ഥാപനങ്ങളുടെ പരിധിയില്‍ വരുമെന്നും 54 പേജ് വരുന്ന ഉത്തരവില്‍ സി ഐ സി വ്യക്തമാക്കിയിരുന്നു. സി ഐ സി പറഞ്ഞ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം നിരവധി പാര്‍ട്ടികളോട് വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങള്‍ തേടി അഗര്‍വാള്‍ അപേക്ഷകള്‍ അയച്ചിരുന്നു.