താനൂരില്‍ സി പി എമ്മും പോലീസും തുറന്ന പോരിലേക്ക്‌

Posted on: July 13, 2013 1:31 am | Last updated: July 13, 2013 at 1:31 am

താനൂര്‍: സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് താനൂരില്‍ പ്രകടനം നടത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത പോലീസ് നടപടി വിവാദമാകുന്നു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് എടുത്ത കേസാണ് ഇരുവിഭാഗത്തെയും തുറന്ന പോരിലെത്തിച്ചിരിക്കുന്നത്.
താനൂരിന്റെ പരിസരങ്ങളില്‍ അടുത്ത കാലത്തായി ഉടലെടുത്ത പ്രശ്‌നങ്ങളില്‍ എല്‍ ഡി എഫ് നിലപാട് പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഇത് താനൂരില്‍ വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി നൂറിലധികം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ജംഗ്ഷന്‍ ഉപരോധിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ തടയാനെത്തിയത് വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും നടന്നു. ഒരു പോലീസുകാരന് സാരമായി പരുക്കേല്‍ക്കുകയും പരിസരങ്ങളില്‍ സ്ഥാപിച്ചിരുന്ന യു ഡി എഫ് അനുകൂല ഫഌക്‌സ് ബോര്‍ഡുകള്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തു.
നേതാക്കള്‍ ഇടപെട്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടഞ്ഞത്. ഫഌക്‌സ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനവും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. സി പി എം, സി പി ഐ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും അതിക്രമമുണ്ടായി.
എന്നാല്‍ എല്‍ ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് എടുത്ത കേസുകള്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ പോലീസ് എടുത്തതാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. പോലീസ് യു ഡി എഫിന് വേണ്ടിയാണ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും വീട് വളഞ്ഞ് പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നുമാണ് എല്‍ ഡി എഫിന്റെ ആക്ഷേപം. കഴിഞ്ഞ രണ്ട് മാസത്തിനിടെ പോലീസിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി സി പി എം ഏരിയാ കമ്മിറ്റി രണ്ട് തവണ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. കൂടാതെ സി പി ഐ ഉം കഴിഞ്ഞ ആഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം മറുപടിയായാണ് പ്രവര്‍ത്തകരെ ഒതുക്കുന്നതെന്നാണ് സി പി എം ആരോപിക്കുന്നത്. അതേസമയം, താനൂരിലെ സി പി എം- പോലീസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനായത് യു ഡി എഫ് ക്യാമ്പിനെ ഏറെ ആഹ്ലാദത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.