എന്‍ഡോസള്‍ഫാന്‍: കാനറാ ബാങ്ക് 50 ലക്ഷത്തിന്റെ പദ്ധതി നടപ്പിലാക്കും

Posted on: July 12, 2013 11:51 pm | Last updated: July 12, 2013 at 11:51 pm

canara-bank-logo-300x156കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പുനരധിവാസത്തിനായി ജില്ലയില്‍ കാനറാ ബാങ്ക് 50 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ദുരിതമനുഭവിക്കുന്നവര്‍ക്ക് 10 വീടുകള്‍ നിര്‍മിക്കാന്‍ 30 ലക്ഷം രൂപയും ദുരിതബാധിതരായ കുട്ടികളുടെ പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 20 ലക്ഷം രൂപയും നീക്കിവെച്ചു. ജില്ലയില്‍ കലക്ടര്‍ ചെയര്‍മാനും ബാങ്ക് അധികൃതര്‍ അംഗങ്ങളും ആയിട്ടുളള പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക.
വീട് അനുവദിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ സമിതി കണ്ടെത്തും. വീടിനാവശ്യമായ ഭൂമി ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കും. സ്ഥലം ലഭ്യമായാല്‍ 100 ദിവസത്തിനകം വീട് നിര്‍മിക്കും. കാസര്‍കോട് അസോസിയേഷന്‍ ഫോര്‍ റെസ്‌പോണ്ടിംഗ് ടു എമര്‍ജന്‍സീസ്(കെയര്‍) സംഘടനയ്ക്കാണ് വീടിന്റെ നിര്‍മാണ ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുളളത്.
പ്ലസ്ടു ശേഷമുളള പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. 20 ലക്ഷം ബാങ്കില്‍ നിക്ഷേപം നടത്തി അതില്‍ നിന്നു പ്രതിവര്‍ഷം ലഭിക്കുന്ന പലിശ തുക ഉപയോഗിച്ച് കാനറാ ബാങ്ക് എന്‍ഡോവ്‌മെന്റ് സ്‌കീം പ്രകാരമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. വീടിന്റേയും സ്‌കോളര്‍ഷിപ്പിന്റേയും ഗുണഭോക്താക്കളെ ജില്ലാകലക്ടര്‍ ചെയര്‍മാനായിട്ടുളള പ്രത്യേക സമിതി തിരഞ്ഞെടുക്കും.
സംസ്ഥാനതല ബാങ്കിംഗ് ഉപദേശക സമിതിയുടെ(എസ് എല്‍ ബി സി) കണ്‍വീനര്‍ ബാങ്കായ കാനറാ ബാങ്കിന്റെ സാമൂഹ്യ പ്രതിബന്ധത പരിപാടിയുടെ ഭാഗമായാണ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എസ് എല്‍ ബി സിയുടെ ചെയര്‍മാന്‍ ആര്‍ കെ ദുബെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ആര്‍ ബാലചന്ദ്രന്‍, എ ജി എം സി സൗന്ദര്‍രാജന്‍, എ ജി എം എന്‍ ബാലന്‍, കാസര്‍കോട് ചീഫ് മാനേജര്‍ കെ ഗോവിന്ദഭട്ട്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.