Connect with us

Editorial

കുറ്റവാളികള്‍ക്ക് വാഴാനുള്ളതല്ല രാഷ്ട്രീയം

Published

|

Last Updated

സദാചാര രാഷ്ട്രീയത്തിന്റെ തകര്‍ച്ചയില്‍ വേദനിക്കുന്ന ജനത്തിന് ഏറെ ആശ്വാസമേകുന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി. വിചാരണക്കോടതി കുറ്റക്കാരനായി വിധിച്ചാലും അപ്പീല്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ജനപ്രതിനിധികള്‍ക്ക് തത്സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കുന്ന നാലാം ഉപവകുപ്പ് ഇല്ലാതാകുന്നതോടെ കുറ്റവാളികളായ എം പിമാരും എം എല്‍ എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് തത്സ്ഥാനത്ത് തുടരാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അര്‍ഹത നഷ്ടപ്പെടും.

ജനാധിപത്യ ഇന്ത്യയിലെ ഭീഷണമായ ഒരു പ്രതിഭാസമാണ് രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണവും ക്രിമിനലുകളുടെ രാഷ്ട്രീയവത്കരണവും. കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിതമായ സമാധാന പൂര്‍ണവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണം മുഖ്യഅജന്‍ഡയായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കുറ്റവാളികള്‍ക്ക് പരിരക്ഷ നല്‍കുന്ന നിലപാടാണ് ഏതാണ്ടെല്ലാ പാര്‍ട്ടികളും സ്വീകരിച്ചു വരുന്നത്. എം പിമാരും എം എല്‍ എമാരുമായി രാജ്യത്ത് നിലവില്‍ അധികാരത്തിലിരിക്കുന്ന 4835 ജനപ്രതിനിധികളില്‍ 1448 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് “നാഷനല്‍ ഇലക്ഷന്‍ വാച്ച്” നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഇതില്‍ 641 പേര്‍ ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത് തുടങ്ങിയ ഗുരുതരമായ കേസുകളിലെ പ്രതികളാണ്.
രാഷ്ട്രീയത്തെ ക്രിമിനലുകളില്‍ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുസംബന്ധമായി പഠനം നടത്താന്‍ തര്‍ക്കുണ്ടെ കമ്മീഷന്‍, ഗോസ്വാമി കമ്മീഷന്‍, വോറാ കമ്മീഷന്‍ തുടങ്ങിയ സമിതികളെ നിയമിച്ചിരുന്നതുമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കരുതെന്നായിരുന്നു കൂട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു നിര്‍ദേശം. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്റേടം കാണിച്ചില്ലെന്ന് മാത്രം. 1966ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 1500 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്. ഇതേതുടര്‍ന്നാണ് എല്ലാ സ്ഥാനാര്‍ഥികളും അവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണമെന്ന് 2002ല്‍ സുപ്രീം കോടതിക്ക് നിര്‍ദേശം നല്‍കേണ്ടി വന്നതും ഏതെങ്കിലും കേസില്‍ കുറ്റപത്രം തയ്യാറാക്കപ്പെട്ട വ്യക്തിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് ഡി കെ ജെയ്ന്‍ അധ്യക്ഷനായ ലോ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം ആരാഞ്ഞതും.
സംശുദ്ധ ജീവിതത്തിന്റെ ഉടമകളും രാഷ്ട്രീയത്തില്‍ സദാചാരത്തിന് വില കല്‍പ്പിക്കുന്നവരുമായിരിക്കണം അധികാര സ്ഥാനങ്ങള്‍ കൈയാളേണ്ടതെന്നായിരുന്നു രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ആഗ്രഹവും ഉപദേശവും. ആദ്യകാലങ്ങളില്‍ ഇത് പാലിക്കാന്‍ രഷ്ട്രീയ നേതൃത്വങ്ങള്‍ കുറേയൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ക്രമേണ രാഷ്ട്രീയത്തില്‍ ക്രിമിനലുകളുടെ എണ്ണവും സ്വാധീനവും വര്‍ധിച്ചു വരികയായിരുന്നു. രാജ്യത്ത് അഴിമതി പെരുകാനുള്ള പ്രധാന കാരണവുമിതാണ്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഴിമതി വന്‍തോതില്‍ വര്‍ധിച്ചതായും രാഷ്ട്രീയക്കാര്‍ ഏറ്റവും വലിയ അഴിമതിക്കാരായെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ (ടി ഐ) പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്നിപ്പോള്‍ കുറ്റവാളികള്‍ക്ക് അഭയം തേടാനുള്ള ഒരിടമായി പോലും രാഷ്ട്രീയം അധഃപതിച്ചു കഴിഞ്ഞു. സുപ്രീം കോടതി റദ്ദാക്കിയ നാലാം ഉപവകുപ്പ് പോലുള്ള, ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷയും ആനുകൂല്യങ്ങളും അനുവദിക്കുന്ന ചില നിയമങ്ങളാണ് ഇതിനൊരു കാരണം. എന്നാല്‍ സാധാരണക്കാര്‍ക്കില്ലാത്ത ഒരവകാശം എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും എന്തിനാണെന്ന് ചോദിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ ഉപവകുപ്പ് എടുത്തു കളഞ്ഞത്.
രാഷ്ട്രീയ മേഖലയുടെ ശുദ്ധീകരണത്തിന് സഹായകമായേക്കാവുന്ന കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് സദാചാര, ധാര്‍മിക ബോധത്തിന്റെ നേരിയ അംശമെങ്കിലും മനസ്സില്‍ അവശേഷിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യേണ്ടത്. പകരം ഈ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനും അതിനെ മറികടക്കാനുളള മാര്‍ഗങ്ങളെക്കുറിച്ചുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം. പ്രതിപക്ഷവും ഈ നീക്കത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യാനാണ് സാധ്യത. ജനപ്രതിനിധികളുടെ അപ്പീല്‍ മേല്‍ക്കോടതി സ്വീകരിച്ചാല്‍ അവര്‍ പദവികളില്‍ തുടരുന്നതിലെന്താണ് കുഴപ്പമെന്ന ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം ഈ വിഷയകമായുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പൊതുവീക്ഷണമായി കാണാവുന്നതാണ്.