Connect with us

Malappuram

കൊണ്ടോട്ടി താലൂക്ക്: ഗസറ്റ് വിജ്ഞാപനമായി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച 12 താലൂക്കുകളുടെ അതിരുകളും ആസ്ഥാനവും നിര്‍ണയിച്ച് കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയതായി കെ മുഹമ്മദുണ്ണിഹാജി എം എല്‍ എ അറിയിച്ചു. ഇതോടെ താലൂക്ക് രൂപവത്കരണത്തിന്റെ സുപ്രധാനഘട്ടം പിന്നിട്ടതായി എം എല്‍ എ അറിയിച്ചു. ഫെബ്രുവരി 23ന് ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് കൊണ്ടോട്ടിയടക്കം 12 പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്ന കാര്യം ധനകാര്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് താലൂക്ക് രൂപവത്കരണ നടപടികള്‍ വളരെ വേഗത്തിലാവുകയായിരുന്നു.
കഴിഞ്ഞ മെയ് 28ന് 12 താലൂക്കുകളും രൂപവത്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓരോ താലൂക്കിലും ഉള്‍പ്പെടുന്ന വില്ലേജുകള്‍, അതിരുകള്‍, താലൂക്ക് ആസ്ഥാനം എന്നിവ കാണിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അതടിസ്ഥാനത്തിലാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ കൊണ്ടോട്ടി താലൂക്കില്‍ 12 വില്ലേജുകളായിരിക്കും ഉണ്ടാവുക. മൊറയൂര്‍, വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, പുളിക്കല്‍, കൊണ്ടോട്ടി, നെടിയിരിപ്പ്, മുതുവല്ലൂര്‍, ചീക്കോട്, കുഴിമണ്ണ, പള്ളിക്കല്‍, ചേലേമ്പ്ര എന്നിവയാണ് കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജുകള്‍. താലൂക്ക് ആസ്ഥാനം കൊണ്ടോട്ടിയായിരിക്കും. തിരൂര്‍ ആര്‍ ഡി ഒയുടെ കീഴിലായിരിക്കും. താലൂക്ക് വിജ്ഞാപനം കൂടി പുറത്തിറങ്ങിയതോടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചാല്‍ ഉടനെ തന്നെ താലൂക്ക് പ്രവര്‍ത്തിച്ച് തുടങ്ങാന്‍ കഴിയുമെന്നും മുഹമ്മദുണ്ണിഹാജി പറഞ്ഞു.

Latest