ദയാഹരജിയില്‍ അവസാന വാക്ക് രാഷ്ട്രപതിയുടെത്: കേന്ദ്രം

Posted on: July 8, 2013 8:17 am | Last updated: July 8, 2013 at 8:17 am

rashtrapathi-bhavan-officesന്യൂഡല്‍ഹി: രാഷ്ട്രപതി തീര്‍പ്പ് കല്‍പ്പിച്ച ദയാഹരജികള്‍ പുനഃപരിശോധിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദയാഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം ഭരണഘടനാദത്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
എം എന്‍ ദാസ് ഇരട്ട കൊലപാതക കേസില്‍ ദയാഹരജി പരിഗണിക്കുന്നത് വൈകിയെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയിലാണ് കേന്ദ്രം ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രപതി തീര്‍പ്പ് കല്‍പ്പിച്ച ദയാഹരജി പുനഃപരിശോധിക്കുന്നത് പ്രതിക്കുള്ള ശിക്ഷ വീണ്ടും നീണ്ടുപോകാന്‍ കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി. ദയാഹരജി നല്‍കി പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രപതി പരിഗണനക്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ശിക്ഷ ഇളവ് ചെയ്തിരുന്നത്. ഇതുസംബന്ധിച്ച തര്‍ക്കം നീതിന്യായ വിഭാഗവും ഭരണനിര്‍വഹണ വിഭാഗവും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കാരണമാകുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വധശിക്ഷ ശരി വെക്കാനോ മാപ്പ് നല്‍കാനോ ഉള്ള അധികാരം രാഷ്ട്രപതിയില്‍ മാത്രം നിക്ഷിപ്തമാണ്. രാഷ്ട്രപതി തീര്‍പ്പാക്കിയ ദയാഹരജിയില്‍ പരമോന്നത കോടതിക്ക് ഇടപെടാനാകില്ല. ഭരണഘടനയുടെ 72ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് രാഷ്ട്രപതി ദയാഹരജി പരിഗണിക്കുന്നത്. ഇത് രാഷ്ട്രപതിയുടെ പരമാധികാരമാണ്.
രാഷ്ട്രപതി തീര്‍പ്പാക്കിയ കേസില്‍ ശിക്ഷാ ഇളവ് അനുവദിക്കുകയോ ഹരജി ഫയലില്‍ സ്വീകരിക്കുകയോ ചെയ്യുന്നത് കേസ് വീണ്ടും തുറക്കുന്നതിന് സമാനമാണ്. നീതിന്യായ വിഭാഗത്തിന്റെ എല്ലാ പരിഗണനകളും കഴിഞ്ഞാണ് വിഷയം രാഷ്ട്രപതിയുടെ മുമ്പില്‍ എത്തുന്നത്. രാഷ്ട്രപതിയുടെ തീരുമാനം സുപ്രീം കോടതി പുനഃപരിശോധിക്കാന്‍ തുടങ്ങിയാല്‍ അറ്റമില്ലാതെ നിയമനടപടികള്‍ തുടരുകയാണ് ചെയ്യുക.
ഇത്തരം ഇളവുകള്‍ അനുവദിച്ചാല്‍ ദയാഹരജി തള്ളപ്പെട്ടവര്‍ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പുനഃപരിശോധനാ ഹരജിയുമായി വരുന്ന പ്രവണത കൂടുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വിചാരണയിലുണ്ടാകുന്ന കാലതാമസം ന്യായീകരിക്കാവുന്നതും രാഷ്ട്രപതിയുടെ തീരുമാനത്തിലുണ്ടാകുന്ന കാലതാമസം നീതീകരിക്കാനാകാത്തതുമാണെന്ന നിലപാട് ശരിയല്ല. ദയാഹരജി പരിഗണിക്കാന്‍ വൈകിയെന്ന് കുറ്റപ്പെടുത്തുന്ന കോടതി, കൊലക്കേസുകളിലടക്കം വിധി പറയാന്‍ വൈകുന്ന നീതിന്യായ വിഭാഗത്തിന്റെ വീഴ്ചയെക്കുറിച്ച് എന്താണ് മൗനം പാലിക്കുന്നതെന്നും പുനഃപരിശോധനാ ഹരജിയില്‍ കേന്ദ്രം ചോദിക്കുന്നു.
ദയാഹരജി തീര്‍പ്പാക്കാന്‍ വൈകുന്നത് പ്രതിക്ക് മാനസിക പീഡനമാണെന്ന വാദം നിലനില്‍ക്കുന്നതല്ല. വധശിക്ഷക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളുന്നതോടെ തന്നെ പ്രതി അതിന് തയ്യാറാകുന്നുണ്ട്. എന്നാല്‍ രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചതിന് ശേഷമുള്ള കാത്തിരിപ്പ് പ്രതീക്ഷാനിര്‍ഭരമാണെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചു.