Connect with us

Articles

തട്ടിപ്പിന്‍ മറയത്ത്

Published

|

Last Updated

ആരുടെ തലയിലുദിച്ച മോഹമാണെന്നറിയില്ല, ഒരു ദിവസം ചെന്നിത്തല യാത്ര തുടങ്ങി. പതിവു യാത്രകള്‍ പോലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ. 140 മണ്ഡലങ്ങളും ചുറ്റി ഒരോട്ടം.
അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട് തലയും മുഖവും മൊഞ്ചാക്കി നല്ല നേരം നോക്കി ഇറങ്ങി. ആദ്യമൊക്കെ ചെറിയ വാര്‍ത്തകള്‍ മാത്രം. തലസ്ഥാനത്ത് ചെന്നിത്തലയുടെ തല കാണുമ്പോഴേക്കും വാര്‍ത്ത വലുതായി. രമേശ് മന്ത്രിസഭയിലേക്ക്. അപ്പോഴേക്കും മട്ടും മാതിരിയും മാറി. മന്ത്രിയുടെ ലുക്കായി, സംസാരത്തില്‍ തന്ത്രിയായി. റവന്യു മുതല്‍ ഉപമുഖ്യന്‍ വരെയാകാം.
പത്രങ്ങള്‍ വെണ്ടക്ക, തക്കാളി, സവാള, ബീറ്റ്‌റൂട്ട് തലക്കെട്ടുകള്‍ നിരത്തി. ഫഌഷ് ന്യൂസുകള്‍ ബ്രേക്കില്ലാതെ. തലസ്ഥാനം ചര്‍ച്ചകളാല്‍ സമൃദ്ധം. ചായച്ചര്‍ച്ച, ഉച്ചയൂണ്‍ ചര്‍ച്ച, മധുരമുള്ള ചര്‍ച്ച, വിത്തൗട്ട് ചര്‍ച്ച, ഗ്രൂപ്പില്‍ ചര്‍ച്ച, ഗ്രൂപ്പിലെ ഗ്രൂപ്പിലും ചര്‍ച്ച… പാര്‍ട്ടി ഓഫീസിലും പുറത്തും ചര്‍ച്ചകള്‍…
ലീഗ് ഉണര്‍ന്നു. പച്ചക്കൊടി താഴെ വെച്ച് ചുവന്ന കൊടി ഉയര്‍ത്തി. പറ്റൂല്ലാ, ഞങ്ങള്‍ക്ക് വേണം ഉപമുഖ്യമന്ത്രി സ്ഥാനം. ചെന്നിത്തല വേണേല്‍ വെറും മന്ത്രിയായാല്‍ മതിയെന്നര്‍ഥം. വില്ലന്റെ വരവ്. എല്ലാം മുടങ്ങി. ഐ ഗ്രൂപ്പ് ഇടഞ്ഞു. തലവനെ അപമാനിച്ചെന്ന്. തലവന്റെ കാര്യമോ? നിതാഖാത്തില്‍ പെട്ട് വെറും കൈയോടെ തിരിച്ചു വന്ന പ്രവാസിയെ പോലെ!

*** *** ***
ആരുടെ തലയിലുദിച്ച മോഹമാണെന്നറിയില്ല, അതാ വരുന്നു ശ്രീശാന്തിന്റെ ബൗളിംഗ്. പന്തെറിയുമ്പോള്‍ ടവല്‍ അരയില്‍ തിരുകിയതാണ് പുലിവാലായത്. പോലീസ് അരയും തലയും മുറുക്കി രംഗത്ത്. ഒത്തുകളിയാണ്. വാതുവെപ്പുകാര്‍ക്ക് വേണ്ടിയാണ് ഈ കളി. പയ്യന്‍ പന്തിന് പിന്നാലെയല്ല, പണത്തിന് പിന്നാലെയാണത്രെ. ഇടനിലക്കാരുമായി ഇടപാടുണ്ടെന്ന് കഥകളും ഉപകഥകളും. ഇത് വെറും കളിയല്ല. ഇതിന്റെ പിന്നില്‍ നടക്കുന്നതാണ് യഥാര്‍ഥ കളി. നമ്മള്‍ കളിയറിയാതെ ആട്ടവും ഓട്ടവും ചാട്ടവും കാണുന്നു..! ഐ പി എല്‍ ധമാക്ക, ഒടുവില്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍! ഏതായാലും ഒരാഴ്ച കഴിഞ്ഞു കിട്ടി.

*** *** ***
ആരുടെ തലയിലുദിച്ച മോഹമാണെന്നറിയില്ല, അതാ വരുന്നു സോളാര്‍ തട്ടിപ്പ്. റോഡ്, പാലം, ആട്, തേക്ക്, മാഞ്ചിയം, കാലിത്തീറ്റ, ശവപ്പെട്ടി, ടുജി, കല്‍ക്കരി, ആംവേ, ആപ്പിള്‍ എ ഡേ, ചിട്ടി… ഭൂമിയില്‍ അഴിമതി തീണ്ടാത്തതായി ഇനിയെന്താണ് ബാക്കിയുള്ളത്? മുകളില്‍ സൂര്യനുണ്ട്. എന്നാല്‍ ഇനി സോളാര്‍. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, ശാലു മേനോന്‍, ജോപ്പന്‍… പുതിയ താരങ്ങള്‍. സഹനടന്‍മാരായി മന്ത്രിമാരും എം എല്‍ എമാരും. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമല്ല, എല്ലാ ദിവസവും.
വിളിയോട് വിളിയാണ്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനാണ് കോളുകള്‍. മിസ്ഡ് കോളടിച്ചാലും തിരിച്ചുവിളിക്കാന്‍ മന്ത്രി റെഡി. ബിജുവിനും സരിതക്കും ശാലുവിനും കോളായി. അവര് ഗോളടിച്ചു.
മറയത്ത് നിന്നാണ് ഈ തട്ടിപ്പുകള്‍ മുഴുവന്‍. ഒരു നാള്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നു. അപ്പോള്‍ അഴിഞ്ഞു വീഴുന്നത് ആരുടെയൊക്കെയോ മുഖംമൂടികള്‍.
ശനിയാഴ്ച വൈകുന്നേരം ഗൗരവാനന്ദന്‍ അങ്ങാടിയിലെത്തി. സാധനവില കുതിക്കുന്നു. പച്ചക്കറിക്ക് കൂടി, എണ്ണക്ക് വില കൂടി, അരിക്ക് കൂടി. കോഴിക്ക് വില കൂടി, ആടിന് വില കൂടി, ആട് ആന്റണിക്ക് വില കൂടി….!
വില കുറഞ്ഞ എന്തെങ്കിലുമുണ്ടോ? ഗൗരവാനന്ദന്‍ ചോദിച്ചു.
നമ്മുടെ നേതാക്കളുടെ വില മാത്രം കുത്തനെ താഴോട്ടാ! ഒന്നരക്കിലോ എടുക്കട്ടേ… കടക്കാരന്‍ ചേദിച്ചു.