Connect with us

Palakkad

കിഴക്കഞ്ചേരി മലയോര മേഖലകളില്‍ മൂന്നിടങ്ങളില്‍ ഉരുള്‍ പൊട്ടി

Published

|

Last Updated

വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖലകളില്‍ മൂന്നിടങ്ങള്‍ ഉരുള്‍ പൊട്ടി, പുഴയിലേക്ക് മണ്ണിടിഞ്ഞ് വീണ് 60 ഏക്കറോളം കൃഷി വെള്ളത്തിനടിയിലായി.
ഉരുള്‍ പൊട്ടലില്‍ കിലോമീറ്ററുകളോളം റോഡുകളും കൃഷി സ്ഥലങ്ങളും ഒലിച്ച് പോയി. മംഗലംഡാം മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കരിങ്കയം വട്ടപ്പാറയിലും കവയിലും പാലക്കുഴി പാത്തിപ്പാറയിലുമാണ് ഉരുള്‍ പൊട്ടിയത്. കരിങ്കയംവട്ടപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടപ്പാറയില്‍ നിന്നും ഒരു കിലോ മീറ്റര്‍ മുകള്‍ഭാഗത്തായി വനഭൂമിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടിയത്.
ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വട്ടപ്പാറ ചിറ്റാട്ട് ഓമനക്കുട്ടന്റെ ഒരേക്കറോളം കൃഷി ഒലിച്ച് പോയി, കശുമാവ്, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയാണ് നശിച്ചത്. ഈ പ്രദേശത്ത് താമസിച്ചിരുന്ന കുണ്ടത്തിപ്പാറ തോമസ്, കലൂര്‍ അയ്യത്ത് മുരളി, കുറുങ്ങുംമല ഭാസ്‌കരന്‍, പാഴൂര്‍ ജോയ്, ഫ്രാന്‍സീസ് എന്നിവരുടെ വീട്ട് മുറ്റത്തിലൂടെ മണ്ണും പാറകഷ്ണങ്ങളും ഒഴുകി വന്നതിനാല്‍ വീടിന് പുറത്തിറങ്ങാത്തതിനാല്‍ ആളപായമുണ്ടായില്ല.
കരിങ്കയം-വട്ടപ്പാറ റോഡിന്റെ ഒരു കിലോ മീറ്ററോളം ഒലിച്ച് പോയി. ഉരുള്‍ പൊട്ടലിന് പുറമെ കിഴക്കഞ്ചേരി കോട്ടേക്കുളം പൂതനക്കയത്ത് മണ്ണ് പുഴയിലേക്ക് ഇടിഞ്ഞ് വീണ് 60 ഏക്കറോളം കൃഷി വെള്ളത്തിനടിയിലായി.
പാലക്കുഴി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന പൂതനക്കയം തോട്ടില്‍ സമീപത്തെ തോട്ടത്തില്‍ നിന്ന് കുറ്റന്‍ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. പൂതക്കയം തോട് ദിശമാറി ഒഴുകിയതിനെ തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വാഹനഗതാഗതവും സ്തംഭിച്ചു. പുതനക്കയം തോട് ദിശമാറിയും കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ അമ്പതോളം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. പുഴയില്‍ പതിച്ച മണ്‍ തിട്ടനീക്കം ചെയ്യാത്തതിനാല്‍ നാശനഷ്ടം കൂടുതല്‍ വ്യാപിക്കാനാണ് സാധ്യത.
പുതനക്കയം പാലം ഏത് നിമിഷവും പൂര്‍ണ്ണമായി തകരാവുന്നനിലിയിലുമാണ്. കിഴക്കഞ്ചേരി പഞ്ചായത്തില്‍ ചുണ്ണാമ്പ്കാരന്‍ കുളമ്പ് കൊട്ടടി-വാല്‍ക്കുളമ്പ് റോഡില്‍ മണ്ണിടിഞ്ഞ് 25 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഈ മേഖലയില്‍ വൈദ്യുതികാലുകളും തകര്‍ന്നിട്ടുണ്ട്.
വടക്കഞ്ചേരി: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് വേണ്ട ധനസഹായം എത്തിക്കുമെന്ന് എം ചന്ദ്രന്‍ എം എല്‍ എ. ഉരുള്‍ പൊട്ടല്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഫണ്ട് അനുവദിക്കുന്നതിന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുമെന്നും അ്‌ദ്ദേഹം പറഞ്ഞു.

Latest