ഝാര്‍ഖണ്ഡ്: ഗവര്‍ണറെ അടുത്ത ആഴ്ച കാണും

Posted on: July 6, 2013 6:08 am | Last updated: July 5, 2013 at 11:10 pm

jarghandറാഞ്ചി: ഝാര്‍ഖണ്ഡില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെ എം എം) കോണ്‍ഗ്രസും ധാരണയിലെത്തി. സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി ജെ പി നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറില്‍ ഉപ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള പതിനാല് സീറ്റില്‍ പത്തെണ്ണം കോണ്‍ഗ്രസിന് നല്‍കുമെന്ന് ജെ എം എം മേധാവി ഷിബു സോറന്റെ മകന്‍ കൂടിയായ ഹേമന്ത് സോറന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലിടത്തായിരിക്കും ജെ എം എം മത്സരിക്കുക. ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സഖ്യമായി മത്സരിക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചിട്ടുണ്ട്.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തിടങ്ങളിലാണ് യു പി എ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതില്‍ ആറിടത്ത് കോണ്‍ഗ്രസും നാലിടത്ത് ജെ എം എമ്മുമാണ് വിജയിച്ചത്. 2009ല്‍ ഇത് മൂന്നായി കുറഞ്ഞു. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് പതിനെട്ട് എം എല്‍ എമാരുള്ള ജെ എം എമ്മും പതിമൂന്ന് എം എല്‍ എമാരുള്ള കോണ്‍ഗ്രസും അടുത്ത ആഴ്ച ഗവര്‍ണറെ കാണും. 82 അംഗങ്ങളുള്ള സഭയില്‍ അഞ്ചംഗങ്ങളുള്ള ആര്‍ ജെ ഡിയുടെയും സ്വതന്ത്രരുള്‍പ്പെടെ മറ്റ് ആറ് അംഗങ്ങളുടെയും പിന്തുണയുണ്ടെന്നാണ് ഇരു കക്ഷികളുടെയും അവകാശവാദം. ജനുവരി 18 മുതല്‍ രാഷ്ട്രപതി ഭരണത്തിലാണ് ഝാര്‍ഖണ്ഡ്. 2000ത്തില്‍ സംസ്ഥാനം രൂപവത്കരിച്ച ശേഷം 2009, 2010, 2013 വര്‍ഷങ്ങളില്‍ ഝാര്‍ഖണ്ഡ് രാഷ്ട്രപതി ഭരണത്തിന് കീഴിലായിട്ടുണ്ട്.