ആത്മ വിശുദ്ധി കൈവരിക്കുക: ഖലീല്‍ തങ്ങള്‍

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 10:57 pm

കോഴിക്കോട്: ഉപാസനയിലൂടെ മനസ്സിനെയും ഉപവാസത്തിലൂടെ ശരീരത്തേയും മെരുക്കിയെടുക്കാനുള്ള അവസരമായി വിശുദ്ധ റമസാനിനെ കാണണമെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്‌ബോധിപ്പിച്ചു. ‘റമസാന്‍ ആത്മവിചാരത്തിന്റെ മാസം’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അരീക്കോട് വടക്കുംമുറിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേഹേച്ഛകള്‍ക്കുമേല്‍ വിജയം നേടാന്‍ കഴിയാത്തവര്‍ക്ക് റമസാനിന്റെ ആനന്ദവും അനുഭൂതിയും കരസ്ഥമാവില്ല. മനസ്സും ശരീരവും സ്രഷ്ടാവിലേക്ക് തിരിക്കുന്നതിലൂടെ മാത്രമെ ആത്മീയ ഔന്നിത്യത്തിലേക്ക് വിശ്വാസികള്‍ക്ക് എത്തിച്ചേരാനാവുകയുള്ളൂ. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് വ്രതത്തിന്റെ ഒരു തലം മാത്രമാണ്. അതിനപ്പുറം വാക്കിലും പ്രവൃത്തിയിലും മിതത്വവും കുലീനതയും പ്രകടമാവണം. അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. എസ് ജെ എം മലപ്പുറം ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, ബശീര്‍ സഖാഫി, എ പി മുഹമ്മദ് ഹാജി, കെ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.