ഫിഫ അണ്ടര്‍20:സ്‌പെയിന്‍, ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

Posted on: July 4, 2013 8:05 am | Last updated: July 4, 2013 at 8:26 am

fifa u20..ഇസ്തംബുള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ സ്‌പെയിന്‍, ഫ്രാന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, ഉറുഗ്വെ ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയപ്പോള്‍ ഫ്രാന്‍സ് ആതിഥേയരായ തുര്‍ക്കിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മുക്കിയത്. ഉറുഗ്വെ 2-1ന് നൈജീരിയയെ പരാജയപ്പെടുത്തിയപ്പോള്‍ ഗ്രീസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് ഉസ്‌ബെക്കിസ്ഥാന്റെ വിജയം. ഈ മാസം ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സ്‌പെയിന്‍, ഉറുഗ്വെയെയും ഫ്രാന്‍സ്, ഉസ്‌ബെക്കിസ്ഥാനെയും നേരിടും.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ പകച്ചു പോയെങ്കിലും രണ്ടാം പകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ചാണ് സ്‌പെയിന്‍ മെക്‌സിക്കോക്കെതിരെ 2-1ന്റെ വിജയം കണ്ടത്. ആര്‍തുറോ ഗോണ്‍സാലസിന്റെ ഗോളില്‍ മെക്‌സിക്കോ സ്‌പെയിനിനെ ഞെട്ടിച്ച് തുടക്കത്തില്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 74ാം മിനുട്ടില്‍ റയല്‍ മാഡ്രിഡ് താരം ഡെറിക് സ്പാനിഷ് ടീമിന് സമനില സമ്മാനിച്ചു. മറ്റൊരു റയല്‍ താരമായ ജെസെ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടി വിജയം പിടിച്ചെടുത്തു.
ആതിഥേയരായ തുര്‍ക്കിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അവര്‍ വിജയം പിടിച്ചത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ രണ്ടും നേടിയാണ് അവര്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 13ാം മിനുട്ടില്‍ ജോഫ്രി കൊണ്ടോഗ്ബിയ, ജീന്‍ ബാബെക്ക് (34), യായ സനോഗോ (67), ജോര്‍ദാന്‍ വെര്‍ട്ടൗട്ട് (73) എന്നിവരാണ് ഫ്രാന്‍സിനായി വല ചലിപ്പിച്ചത്. തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ 77ാം മിനുട്ടില്‍ സിനാന്‍ ബാക്കിസ് നേടി.
രണ്ട് പെനാല്‍റ്റികള്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയുടെ പുറത്തേക്കുള്ള വഴി കാണിച്ചു. പത്ത് പേരായി ചുരുങ്ങിയ സൂപ്പര്‍ ഈഗിള്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഉറുഗ്വെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി. രണ്ട് പെനാല്‍റ്റികളും വലയിലെത്തിച്ച് നിക്കോളാസ് ലോപ്പസ് ഇരട്ട ഗോളുകളും സ്വന്തമാക്കി. രണ്ടാം പകുതി തുടങ്ങി 65ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഉറുഗ്വെ മുന്നില്‍ കടന്നു. എന്നാല്‍ നാല് മിനുട്ടിന് ശേഷം കയോഡെ നൈജീരിയക്ക് സമനില സമ്മാനിച്ചു. എന്നാല്‍ 84ല്‍ വെച്ച് ഉറുഗ്വെക്ക് അനുകൂലമായി ലഭിച്ച രണ്ടാം പെനാല്‍റ്റി അവരുടെ വിജയം പൂര്‍ത്തിയാക്കി.
ഗ്രീസിനെതിരായ ഉസ്‌ബെക്കിസ്ഥാന്റെ വിജയത്തിന് പിന്നിലും പെനാല്‍റ്റി ഗോളിന്റെ ആനൂകൂല്യമുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു. 26ാം മിനുട്ടില്‍ അബ്ബോസ്‌ബെക് മഖ്സ്റ്റലീവിലൂടെ ഉസ്‌ബെക്കിസ്ഥാനാണ് ലീഡെടുത്തത്. എന്നാല്‍ 33ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സ്റ്റഫിലിഡിസ് ഗ്രീസിന് സമനില നേടിക്കൊടുത്തു. എന്നാല്‍ 62ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഇഗോര്‍ സെര്‍ഗീവും 82ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി രഖമനോവും വലയിലെത്തിച്ച് ഉസ്‌ബെക്കിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.