Connect with us

Kerala

പാസ്‌പോര്‍ട്ട് അപേക്ഷ: നാളെ മുതല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം

Published

|

Last Updated

മലപ്പുറം: രാജ്യത്തെ 19 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും.
കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, വടകര, കൊല്ലം, നെയ്യാറ്റിന്‍കര, വഴുതക്കാട്, ആലപ്പുഴ, ആലുവ, കോട്ടയം, തൃശൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍ പാറ്റ്‌ന, കൊല്‍ക്കത്ത, ജയ്പൂര്‍, ജോദ്പൂര്‍, സിക്കാര്‍ എന്നിവിടങ്ങളിലും സേവാ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് ഓണ്‍ലൈന്‍ പെയ്്‌മെന്റ് സംവിധാനം നിലവില്‍ വരുന്നത്. 58 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിലവില്‍ ഈ സംവിധാനം നിലവിലുണ്ട്. ഇടനിലക്കാര്‍ വന്‍തോതില്‍ പാസ്‌പോര്‍ട്ട് ബുക്കിംഗ് എടുത്ത് അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്.
ഇതോടെ അപേക്ഷകര്‍ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യണമെങ്കില്‍ പണമടച്ചതിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും. ഇതിലൂടെ യഥാര്‍ഥ അപേക്ഷകര്‍ക്ക് മാത്രമെ ബുക്കിംഗ് എടുക്കാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ സേവാ കേന്ദ്രങ്ങളില്‍ ഹാജരാകുമ്പോള്‍ മാത്രം പണമടച്ചാല്‍ മതി. അപേക്ഷകര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് , ചലാന്‍ സംവിധാങ്ങളുപയോഗിച്ചോ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് മുഖേനയോ പേയ്‌മെന്റ് നടത്താം. ചലാന്‍ വഴി പണമടക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ പണമടക്കാം. ഇത്തരം അപേക്ഷകര്‍ ചലാന്‍ അടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലെന്‍ ബുക്കിംഗ് സമയത്ത് നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം രാജ്യത്തെ മറ്റു പാസ്‌പോര്‍ട്ട് സേവാ കേന്ദങ്ങളിലും ഉടന്‍ പ്രബല്യത്തില്‍ വരും.