Connect with us

Ongoing News

തുടങ്ങുന്നു ഏഷ്യന്‍ അങ്കം

Published

|

Last Updated

പൂനെ: ഏഷ്യയുടെ കായികോത്സവത്തിന് ഇന്ന് ബാലെവാഡിയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ തുടക്കം. 43 രാഷ്ട്രങ്ങളില്‍ നിന്നായി 577 അത്‌ലറ്റുകള്‍ മാറ്റുരക്കുന്ന ഇരുപതാം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ അഞ്ച് നാള്‍ ട്രാക്കിലും ഫീല്‍ഡിലും ആവേശം വിതറും. ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ ചരിത്രത്തില്‍ പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മേളയാണ് പൂനെയിലെത്. അടുത്ത മാസം റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുള്ള വേദിയെന്ന നിലയിലും ഗെയിംസ് ശ്രദ്ധേ നേടുന്നു.
പ്രമുഖരായ താരങ്ങളുടെ സാന്നിധ്യം ഗെയിംസിന് മാറ്റേകുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഹൈ ജമ്പില്‍ വെങ്കലം സ്വന്തമാക്കിയ ഖത്തറിന്റെ മുതാസ് ഇസ ബര്‍ഷിം, 1500 മീറ്ററിലെ ലോകചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജേതാവുമായി ബഹ്‌റൈന്റെ മറിയം ജമാല്‍, ഇന്ത്യയുടെ സുധാ സിംഗ്, വികാസ് ഗൗഡ എന്നിവരെല്ലാം തന്നെ മേളയുടെ ആകര്‍ഷണമാണ്.
നാട്ടില്‍ നടക്കുന്ന മേളയില്‍ കരുത്തറിയിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ ഭാവം. പുരുഷ-വനിതാ വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ഇന്ത്യ മെഡല്‍ അന്വേഷിക്കുന്നത്. ഇതിനായി 107 പേരടങ്ങുന്ന വന്‍ സംഘത്തെയാണ് ഒരുക്കിയത്. 2010 ഗ്വാംഗ്ഷു ഏഷ്യന്‍ ഗെയിംസില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രാജ്യാന്ത ചാമ്പ്യന്‍ഷിപ്പുകളില്‍ നിരാശാപ്രകടനമായിരുന്നു ഇന്ത്യയുടെത്.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. 1989 ല്‍ ന്യൂഡല്‍ഹിയാണ് ആദ്യം വേദിയായത്. ഇത്തവണ അഞ്ച് സ്വര്‍ണമുള്‍പ്പടെ പതിനഞ്ച് മെഡലുകളിലേറെ നേടി രണ്ട്, മൂന്ന് സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എണ്‍പതുകളില്‍ ഏഷ്യയിലെ അത്‌ലറ്റിക് പവര്‍ഹൗസായിരുന്ന ഇന്ത്യ 2009, 2011 ചാമ്പ്യന്‍ഷിപ്പുകളില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഴിഞ്ഞ പത്തൊമ്പത് ചാമ്പ്യന്‍ഷിപ്പുകളില്‍ ആറ് തവണ ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏറ്റവും മികച്ച പ്രകടനം 1985 ല്‍ ജക്കാര്‍ത്തയിലായിരുന്നു. പി ടി ഉഷയുടെ അഞ്ച് സ്വര്‍ണമെഡലുള്‍പ്പടെ 22 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ ചൈനക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായി. പത്ത് സ്വര്‍ണമാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ വാരിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗെയിംസ് ഇന്ത്യയിലെത്തിയപ്പോഴും പ്രകടനം മോശമായില്ല. എട്ട് സ്വര്‍ണമുള്‍പ്പടെ 22 മെഡലുകള്‍ ഇന്ത്യ നിലനിര്‍ത്തി. ചൈന തന്നെയാണ് ചാമ്പ്യന്‍മാരായത്. 2003 മനില ഗെയിംസിലായിരുന്നു മോശം പ്രകടനം. ഒരു സ്വര്‍ണം പോലുമില്ലാതെ ആറ് മെഡലുകളില്‍ ഒതുങ്ങിയ ഇന്ത്യ പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പൂനെയില്‍ ഇന്ത്യ ഏഴ് സ്വര്‍ണമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മലയാളി താരങ്ങളായ ടിന്റുലൂക്കയും രഞ്ജിത് മഹേശ്വരിയുമുണ്ട്. വനിതകളുടെ 800 മീറ്ററില്‍ പി ടി ഉഷയുടെ ശിഷ്യയായ ടിന്റു ലുക്ക ഉറച്ച ബെറ്റാണ്. പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും സുവര്‍ണപ്രതീക്ഷ നിലനിര്‍ത്തുന്നു. പുരുഷ ഡിസ്‌കസില്‍ വികാസ് ഗൗഡ, വനിതാ ഡിസ്‌കസില്‍ കൃഷ്ണപൂനിയ, പുരുഷ ലോംഗ് ജമ്പില്‍ കുമരവേല്‍ പ്രേംകുമാര്‍, വനിതകളുടെ 400 മീറ്ററില്‍ എം ആര്‍ പൂവമ്മ, വനിതകളുടെ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിംഗ് എന്നിവരും സുവര്‍ണപ്രതീക്ഷയാണ്. വനിതാ ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് താരം മയൂഖ ജോണി, പുരുഷ ട്രിപ്പിള്‍ ജമ്പര്‍ അര്‍പീന്ദര്‍ സിംഗ് എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.
സീസണില്‍ വികാസ് ഗൗഡ മികച്ച ഫോം നിലനിര്‍ത്തുന്നു. ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ ഇറാന്റെ എഹ്‌സാന്‍ ഹദാദി പിന്‍മാറിയത് ഗൗഡയുടെ സാധ്യത വര്‍ധിപ്പിച്ചു. മോസ്‌കോ ലോകചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് എഹ്‌സാന്‍ പിന്‍മാറിയത്. ഇറാന്‍ താരത്തിന്റെ 66.98 മീറ്റര്‍ കഴിഞ്ഞാല്‍ സീസണിലെ മികച്ച പ്രകടനം 65.82 മീറ്റര്‍ കണ്ടെത്തിയ വികാസ് ഗൗഡയുടെതാണ്. ഏപ്രിലിലായിരുന്നു വികാസിന്റെ സീസണ്‍ ബെസ്റ്റ് പ്രകടനം.
സ്റ്റീപ്പിള്‍ചേസില്‍ സുധാ സിംഗ് ക്ലിയര്‍ ഫേവറിറ്റാണ്. ചെന്നൈയില്‍ നടന്ന ദേശീയ അന്തര്‍-സംസ്ഥാനം ചാമ്പ്യന്‍ഷിപ്പില്‍ 9.45.60 സെക്കന്‍ഡ്‌സിലാണ് സുധാ സിംഗ് ചാമ്പ്യനായത്. നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ മിനോറി ഹയാകാരിയുടെ അഭാവത്തില്‍ ബഹ്‌റൈന്റെ റൂത് ചെബെറ്റായിരിക്കും സുധാ സിംഗിന്റെ സ്വര്‍ണമെഡല്‍ സാധ്യതകളെ വെല്ലുവിളിക്കുക. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് ബഹ്‌റൈന്‍ താരം. 2011 ല്‍ ജപ്പാനിലെ കോബെയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിനോറിക്ക് പിറകില്‍ രണ്ടാം സ്ഥാനവും ചെബെറ്റിനായിരുന്നു. എന്നാല്‍,സീസണിലെ ഫോം ഇന്ത്യന്‍ താരത്തിനെ ഫേവറിറ്റാക്കുന്നു.
വനിതകളുടെ 400 മീറ്ററില്‍ പൂവമ്മയുടെ സീസണിലെ മികച്ച സമയം 52.75 സെക്കന്‍ഡ്‌സാണ്. സീസണില്‍ ഏഷ്യയിലെ മികച്ച പ്രകടനം 52.52 സെക്കന്‍ഡ്‌സില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ ഹരുക സുഗിയൂരയുടെതാണ്. ഹരുക പൂനെയില്‍ മത്സരിക്കുന്നില്ല. പ്രകടനത്തിലെ സ്ഥിരത നിലനിര്‍ത്തിയാല്‍ പൂവമ്മക്ക് ഇവിടെ കാര്യങ്ങള്‍ എളുപ്പമാണ്. ചൈനയുടെ ഇരുപത്തിരണ്ടുകാരി ഹോ യാന്‍മിന്‍ (52.62 സെ.), ചന്ദ്രിക രസ്‌നായക (52.36 സെ.) എന്നിവരാണ് പൂവമ്മയുടെ പ്രധാന എതിരാളികള്‍.
കഴിഞ്ഞ മാസം ദേശിയീ അന്തര്‍-സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മീറ്റര്‍ ചാടിയ പ്രേം കുമാറിന് പ്രായം ഇരുപത് മാത്രം. എട്ട് മീറ്റര്‍ മാര്‍ക്ക് താണ്ടുന്ന നാലാമത്തെ ഇന്ത്യന്‍ ലോംഗ് ജമ്പറാണ് പ്രേം കുമാര്‍. സീസണിലെ രണ്ടാമത്തെ മികച്ച ഏഷ്യന്‍ പ്രകടനമാണിത്. കസാഖിസ്ഥാന്റെ കോണ്‍സ്റ്റാന്റിന്‍ സഫ്രൊനോവിന്റെ 8.10 മീറ്റാണ് സീസണിലെ മികച്ച പ്രകടനം.
വലിയ വേദികളില്‍ നിരാശപ്പെടുത്തുന്നുവെന്ന പഴിക്ക് മറുപടി കൊടുക്കാനാണ് ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി ശ്രമിക്കുക. ഏഷ്യയില്‍ സീസണിലെ മികച്ച പ്രകടനം കസാഖിസ്ഥാന്റെ റോമന്‍ വാലിയേവിന്റെ 17.10 മീറ്ററാണ്.
മറ്റ് സുവര്‍ണപ്രതീക്ഷകളായ ടിന്റു ലൂകയും കൃഷ്ണപൂനിയയും മികച്ച ഫോമില്‍ അല്ല. നൂറ് ശതമാനം അര്‍പ്പിച്ചാല്‍ ഇവര്‍ക്ക് മഞ്ഞപ്പതക്കം ഉറപ്പിക്കാം. മൂന്ന് വര്‍ഷം മുമ്പ് 400 മീറ്ററില്‍ 1.59.17 സെക്കന്‍ഡ്‌സില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച ടിന്റൂ ലൂകയുടെ സീസണിലെ മികച്ച പ്രകടനം 2.03.62 സെക്കന്‍ഡ്‌സാണ്. സീസണില്‍ 2.02.81 സെക്കന്‍ഡ്‌സില്‍ ഏഷ്യയിലെ മികച്ച പ്രകടനക്കാരിയായ ചൈനയുടെ ചുന്യു വാംഗിനെ മറികടന്നാല്‍ മാത്രമേ ടിന്റുവിന് ചാമ്പ്യന്‍പട്ടമുള്ളൂ.
വനിതാ ഡിസ്‌കസില്‍ 64.76 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തീര്‍ത്ത കൃഷ്ണ പൂനിയക്ക് സീസണില്‍ ഇതുവരെ അറുപത് മീറ്ററിനപ്പുറത്തേക്ക് ഡിസ്‌ക് എറിയാന്‍ സാധിച്ചിട്ടില്ല. തായ്‌ലന്‍ഡില്‍ ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ 59.43 മീ. എറിഞ്ഞതാണ് പൂനിയയുടെ സീസണ്‍ ബെസ്റ്റ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവായ പൂനിയയെ പുറം വേദന അലട്ടിയിരുന്നു. ഏപ്രില്‍ ഫെഡറേഷന്‍ കപ്പില്‍ 57.25 മീറ്ററും മെയില്‍ ദോഹയിലെ ഡയമണ്ട് ലീഗില്‍ 56.73 മീറ്ററുമാണ് പൂനിയ കണ്ടെത്തിയത്.
ഖത്തറിന്റെ ഹൈ ജമ്പ് സൂപ്പര്‍ താരം ബര്‍ഷിം ഉള്‍പ്പടെ പതിനാല് പേരാണ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
പുരുഷവിഭാഗം നൂറ് മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തുക ചൈനയുടെ സു ബിംഗ്‌തെയിന് എളുപ്പമാകില്ല. പത്ത് സെക്കന്‍ഡിനുള്ളില്‍ നൂറ് മീറ്റര്‍ ഫിനിഷ് ചെയ്ത ഏക ഏഷ്യന്‍ സ്പ്രിന്ററായ ഖത്തറിന്റെ സാമുവല്‍ അഡെല്‍ബാരി ഫ്രാന്‍സിസ് ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് പൂനെയിലെത്തിയിട്ടുണ്ട്. ജന്മം കൊണ്ട് ആഫ്രിക്കക്കാരനാണ് ഫ്രാന്‍സിസ്. അട്ടിമറിയില്ലെങ്കില്‍ ഈ നൈജീരിയന്‍ ദേശക്കാരനാകും മീറ്റിന്റെ വേഗമേറിയ താരമാവുക.
കഴിഞ്ഞ പതിനഞ്ച് എഡിഷനിലും ആധിപത്യം പുലര്‍ത്തിയ ചൈന ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ നിരയുമായാണ് വരുന്നത്. ട്രിപ്പിള്‍ ജമ്പര്‍ ലി ജിന്‍സെ, ഹൈ ജമ്പര്‍ വാംഗ് യു ടീമില്‍ ഇല്ല.
ഗെയിംസ് ചരിത്രത്തില്‍ രണ്ടാമത്തെ വലിയസംഘവുമായെത്തുന്ന ജപ്പാനും വലിയ പ്രതീക്ഷയിലാണ്. ഹാമര്‍ ത്രോ ലോകചാമ്പ്യന്‍ കോജി മുറോഫുഷും സെന്‍സേഷനല്‍ സ്പ്രിന്റര്‍ യോഷിഹിഡെ കിരിയുവും ജപ്പാന്‍ സംഘത്തില്‍ ഇല്ല. ലോക ജൂനിയര്‍ മീറ്റില്‍ 10.01 സെക്കന്‍ഡ്‌സില്‍ ലോകറെക്കോര്‍ഡ് കിരിയുവിന്റെ പേരിലാണ്.
ശ്രീലങ്കന്‍ വിഷയം കാരണം ചെന്നൈയില്‍ നിന്ന് മാറ്റിയ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് പൂനെയില്‍ നടക്കുന്നത്. പതിനെട്ട് കോടി ചെലവിട്ടാണ് മഹാരാഷ്ട്ര ഏഷ്യയിലെ മഹാമേള സംഘടിപ്പിക്കുന്നത്.

Latest