പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

Posted on: July 3, 2013 1:06 pm | Last updated: July 3, 2013 at 1:06 pm

പരപ്പനങ്ങാടി: മണ്‍സൂണ്‍ കാല ട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ട് മൂന്നിലൊന്ന് പിന്നിട്ടിട്ടും കടല്‍ക്ഷോഭവും വേണ്ട രീതിയില്‍ കടല്‍ കനിയാത്തതും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ട്രോളിംഗ് നിരോധനത്തിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ച കടല്‍ക്ഷോഭവും മലവെള്ളപ്പാച്ചിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് കനത്ത നാശനഷ്ടവും പ്രഹരവുമാണ് ഏല്‍പ്പിച്ചത്. ഇത് കാരണം 25ഓളം വള്ളങ്ങള്‍ പൂര്‍ണമായും അതിലേറെ ഭാഗികമായി തകരുകയും ചെയ്തു. ആയിരത്തോളം തൊഴിലാളികളാണ് ഇത് കാരണം പട്ടിണിയിലായത്.
കടല്‍ക്ഷോഭം ആഴ്ചകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. എന്നാല്‍ കടല്‍ ശാന്തമായ പ്രദേശങ്ങളിലും ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും മത്സ്യബന്ധനം നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മത്സ്യം ലഭിക്കുന്നില്ല. ഈ കാലങ്ങളില്‍ ലഭിക്കാറുള്ള പൂവാലന്‍ ചെമ്മീന്‍, നാരന്‍, കരിയാളന്‍, കുരിക്കാരി ചെമ്മീനുകള്‍, അടവ്, കോര, മണങ്ങ്, ചൂട, അയല, മത്തി, ആവോലി തുടങ്ങിയ മത്സ്യങ്ങളൊന്നും ലഭിക്കുന്നില്ല. കൂടാതെ ഈ കാലയളവില്‍ ലഭിക്കാറുള്ള മത്സ്യ ചാകരയും ഇത്തവണ ലഭിച്ചില്ല. ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ വലിയ യന്ത്രവത്കരണ ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്തതിനാല്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മത്സ്യത്തിന് വന്‍ വിലയാണ് ലഭിക്കാറുള്ളത്. നാമമാത്രമായി മാത്രം മത്സ്യം ലഭിക്കുന്നത് കാരണം തീരം പട്ടിണിയിലായിരിക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ മത്സ്യതൊഴിലാളികള്‍.