സൈന്യത്തിനെതിരെ മുര്‍സി; വിദേശകാര്യ മന്ത്രി രാജി നല്‍കി

Posted on: July 2, 2013 11:47 pm | Last updated: July 2, 2013 at 11:47 pm

VBK-MORSY_1505239fകൈറോ: ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ കലാപം അവസാനിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന സൈന്യത്തിന്റെ അന്ത്യശാസനത്തെ അവഗണിച്ചു കൊണ്ട് പ്രസിഡന്റ് മുര്‍സി. അന്ത്യശാസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സൈന്യത്തെ സമീപിച്ചിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിനാകുമെന്നും മുര്‍സി വ്യക്തമാക്കി.
സൈനിക നേതൃത്വവും മുര്‍സിയും തമ്മിലുള്ള അകല്‍ച്ച വ്യക്തമാക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുര്‍സി നടത്തിയത്. ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നതെന്ന് മുര്‍സിയുടെ വക്താവ് ആരോപിച്ചു. മുര്‍സി രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇന്നലെ ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ ഈജിപ്തിലെ പ്രധാന നഗരങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തെത്തി. മുര്‍സിയുടെ രാജിയെല്ലാതെ മറ്റൊന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ‘തംറദി’ന്റെ വക്താക്കള്‍ അറിയിച്ചു.
പ്രക്ഷോഭം രാജ്യ വ്യാപകമായതോടെ വിദേശകാര്യ മന്ത്രി മുഹമ്മദ് കമല്‍ അംറ് രാജിക്കത്ത് നല്‍കി. ഇദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നതോടെ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ആറാകും. എന്നാല്‍, പ്രക്ഷോഭത്തെ നേരിടാന്‍ ഭരണപക്ഷ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡ് രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുര്‍സിക്കനുകൂല മുദ്രാവാക്യങ്ങളുമായി നഗരങ്ങളില്‍ സംഘടിക്കണമെന്നും ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് അല്‍ ബില്‍താജി പ്രഖ്യാപിച്ചു. മുര്‍സി അനുയായികളും പ്രക്ഷോഭകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ആസ്ഥാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുയാണ്.
അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രക്ഷോഭകരുമായി ചര്‍ച്ചക്ക് സന്നദ്ധമാകണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ പരിഹാരമാണ് മുര്‍സി നടത്തേണ്ടതെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.