Connect with us

Kozhikode

വീടുകളില്‍ സ്ത്രീകളെ അക്രമിച്ച് കവര്‍ച്ച: പ്രതി പിടിയില്‍

Published

|

Last Updated

കോഴിക്കോട്: വീടുകളില്‍ കയറി സ്ത്രീകളെ അക്രമിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. പേരാമ്പ്രയില്‍ താമസിച്ചുവരികയായിരുന്ന തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ എന്ന സുരേഷ് (30) ആണ് അറസ്റ്റിലായത്. ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കോടി ബസാറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. കക്കോടിയില്‍ മാല വില്‍ക്കാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയുടെ കൂട്ടാളിയായ അനില്‍കുമാറിനെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് മിക്ക സ്ഥലത്തും മോഷണം നടത്തിയത്.
പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഏഴ് കേസുകളുടെ ചുരുളുകളാണ് അഴിഞ്ഞത്. സംസ്ഥാനത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. മലപ്പുറം, കൊണ്ടോട്ടി, കോട്ടയം, തൃശൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. കോഴിക്കോട്ടെത്തിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഇതിനിടയില്‍ ദിവസവും മോഷണം നടത്താന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ട്.
എലത്തൂരില്‍ സ്ത്രീയുടെ തലക്കടിച്ച് മാല പൊട്ടിച്ച് മോഷണം നടത്തിയത് മണികണ്ഠനാണെന്ന് തെളിഞ്ഞു. എലത്തൂരിലെ വിവിധ മോഷണവുമായി ബന്ധപ്പെട്ട നാല് കേസുകളാണ് തെളിഞ്ഞത്. രണ്ടാഴ്ച മുമ്പ് അന്വേഷി പ്രസിഡന്റ് കെ അജിതയുടെ വീട്ടില്‍ മോഷണം നടത്തിയതും പ്രതിയാണെന്ന് സമ്മതിച്ചിട്ടുണ്ട്.
ജില്ലയില്‍ എലത്തൂര്‍, വേങ്ങേരി, മെഡിക്കല്‍ കോളജ്, തൊണ്ടയാട് എന്നീ സ്ഥലങ്ങളിലെ വീടുകളിലാണ് പ്രതി മോഷണം നടത്തിയത്. പാവങ്ങാട് സബ് സ്റ്റേഷന് സമീപത്തെ വീട്, വേങ്ങേരിയിലെ സത്യഭാമയുടെ വീട്, തൊണ്ടയാടുള്ള ഒരു ഉദ്യോഗസ്ഥന്റെ വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് താനാണെന്ന് മണികണ്ഠന്‍ സമ്മതിച്ചു.

Latest