പ്രതിച്ഛായ കൂട്ടാന്‍ മോഡി വിളിച്ച ചടങ്ങില്‍ വംശഹത്യക്കെതിരെ രോഷപ്രകടനം

Posted on: July 1, 2013 12:27 am | Last updated: July 1, 2013 at 12:27 am
SHARE

MODIഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ 2002ലെ വംശഹത്യയെ സംബന്ധിച്ച രോഷം അണപൊട്ടി. വംശഹത്യക്ക് ശേഷം സര്‍ക്കാറിന്റെ പുനരധിവാസ പരിപാടിയടക്കം നിരവധി ചോദ്യങ്ങളുടെ കൂരമ്പുകളാണ് മോഡിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
‘ബി ജെ പിയോടും മോഡിയോടും മുസ്‌ലിം സമുദായത്തിനുള്ള നിലപാട് ഇവിടെയെത്തിയവരുടെ പരാതികളും ഹൃദയഭാരവും കണ്ടാല്‍ മാത്രം മതി.’ ഡോ. സയ്യിദ് സഫര്‍ മഹ്മൂദ് പറഞ്ഞു. കലാപത്തിന് ശേഷം മുസ്‌ലിംകള്‍ നേരിടേണ്ടി വന്ന നിരവധി പ്രശ്‌നങ്ങളുടെ ഒരു ചിത്രാവിഷ്‌കാരം തന്നെയാണ് മോഡിക്ക് മുമ്പാകെ സഫര്‍ മഹ്മൂദ് നടത്തിയത്. സിറ്റിസണ്‍ ഓഫ് അക്കൗണ്ടബിള്‍ ഗവേണന്‍സ് എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദിവസം നീണ്ട യംഗ് ഇന്ത്യന്‍ ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ 150 യുവ പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടിയുടെ ആദ്യം മുതല്‍ അവസാനം വരെ മോഡി സന്നിഹിതനായിരുന്നു. 150 പേരില്‍ 30 പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നായിരുന്നു. ‘നിങ്ങള്‍ പറഞ്ഞത് നന്നായെന്നും ഇത് പരിഗണിക്കുമെന്നും’ മോഡി മഹ്മൂദിനോട് പറഞ്ഞു.
വംശഹത്യയെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ഓടേണ്ടിവന്ന, ഇപ്പോള്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ധോരാജിനഗര്‍, സിറ്റിസണ്‍ നഗര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇരകളുടെ കഷ്ടസ്ഥിതിയാണ് മഹ്മൂദ് പ്രധാനമായും എടുത്തുപറഞ്ഞത്. മുസ്‌ലിം സംഘടനകളുടെ സഹായത്തോടെ രക്ഷിച്ച 200 കുടുംബങ്ങള്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറിയൊരു കുന്നിന്‍പുറത്താണ് താമസിക്കുന്നത്. 50 അടിയോളം ഉയര്‍ന്ന ചണ്ടിക്കൂമ്പാരത്തിന്റെ സമീപമാണിത്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മോഡിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് പുറമെ, സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളെ സംബന്ധിച്ച ബി ജെ പിയുടെ കാഴ്ചപ്പാട്, ബി ജെ പിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ മുസ്‌ലിംവിരുദ്ധ ലേഖനങ്ങള്‍, വഖ്ഫ് ബോര്‍ഡിലേക്ക് പ്രത്യേക സംഘത്തെ നിയമിക്കുന്നത്, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും ബി ജെ പി സര്‍ക്കാറുകള്‍ നടപ്പിലാക്കിയെങ്കിലും ഗുജറാത്തില്‍ ഇല്ലാത്തത് തുടങ്ങിയ നീറുന്ന വിഷയങ്ങളും സച്ചാര്‍ കമ്മിറ്റിയിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന മഹ്മൂദ് ഉയര്‍ത്തിക്കാട്ടി.
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം, സഫര്‍ സരശ്വേല, എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ്, ഐ ഐ എം പ്രൊഫസര്‍ ബ്രിജി കോത്താരി, ജെ പി മോര്‍ഗാന്‍ കമ്പനിയുടെ സിദ്ധാര്‍ഥ് പുന്‍ഷി, ഗ്ലോബല്‍ പഗോഡയുടെ വല്ലഭ് ഭാനുസാഹലി തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.