നിതാഖാത്ത്: സമയപരിധി നീട്ടാന്‍ സഊദി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Posted on: July 1, 2013 12:25 am | Last updated: July 1, 2013 at 12:25 am
SHARE

റിയാദ്: സഊദിയില്‍ നിതാഖാത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃത താമസക്കാര്‍ക്കും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും ഇളവുകളോടെ പദവി ശരിയാക്കുന്നതിന് അനുവദിച്ച സമയ പരിധി നീട്ടണമെന്ന് സഊദി മനുഷ്യവാകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പദവി ശരിയാക്കല്‍ കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളുടെ എംബസികളും സന്ദര്‍ശിച്ചതില്‍ നിന്ന് ഇനിയും ധാരാളം പേര്‍ പദവി ശരിയാക്കാന്‍ ബാക്കിയുണ്ടെന്നും നിലവിലെ സമയപരിധി പരിമിതമാണെന്നും ബോധ്യപ്പെട്ടതായി കമ്മീഷന്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പദവി ശരിയാക്കല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കഠിനമായ ചൂടിലും നീണ്ട വരിയാണ് കാണാന്‍ കഴിഞ്ഞത്. നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല.
സമയപരിധിയില്‍ ഒരു ഭാഗം വകുപ്പുകള്‍ നിയന്ത്രിക്കുന്നതിനും തയാറെടുപ്പിനും വേണ്ടി മാത്രം നീക്കിവെച്ചിട്ടുണ്ട്. പദവി ശരിയാക്കല്‍ ആരംഭിച്ചപ്പോള്‍ കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമയം കൊടുത്തിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ മാസം മൂന്നിന് മുമ്പ് താമസവും ജോലിയും നിയമാനുസൃതമാക്കാന്‍ മുഴുവന്‍ പ്രവാസികള്‍ക്കും സാധിക്കുകയില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അബ്ദുല്ല രാജാവ് നിതാഖത്ത് സമയപരിധി നീട്ടുമെന്നാണ് പ്രതീക്ഷയെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.
നിലവിലുള്ള ഇളവ് കാലാവധിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ സേവനങ്ങളും പുതിയ സമയപരിധിയില്‍ ലഭ്യമായിരിക്കില്ലെന്നും നിയമലംഘകര്‍ക്കുള്ള പിഴ പൂര്‍ണമായും ഒഴിവാക്കില്ലെന്നുമാണ് അറിയുന്നത്. എന്നാല്‍ ഇഖാമ ലംഘിച്ചവര്‍ക്ക് പിഴയടച്ച് നാട്ടില്‍ പോകാന്‍ അനുവാദമുണ്ടാകുമെന്നാണ് സൂചന.
അതേസമയം നിലവിലുള്ള സമയ പരിധി അവസാനിച്ച ഉടന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധന ആരംഭിക്കുമെന്നും ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവുമാണ് നിയമം അനുശാസിക്കുന്നത്.