തുര്‍ക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

Posted on: July 1, 2013 12:22 am | Last updated: July 1, 2013 at 12:22 am
SHARE

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ അക്രമാസക്ത പ്രക്ഷോഭം ശക്തമാകുന്നു. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ പോലീസ് ക്രൂരമായി നേരിട്ടുവെന്നാരോപിച്ച് തുര്‍ക്കിയില്‍ സര്‍ക്കാരിനെതിരെ പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ, രാജ്യവ്യാപകമായി പ്രതിഷേധക്കാര്‍ ഒത്തുകൂടുന്ന തഖ്‌സിം ചത്വരം പോലീസ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടച്ചുപൂട്ടി.
സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കുര്‍ദ് ഭൂരിപക്ഷ പ്രദേശത്ത് പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു പ്രതിഷേധ സമരക്കാരന്‍ കൊല്ലപ്പെട്ടതോടെയാണ് ജനം തെരുവിലിറങ്ങിയത്. ശനിയാഴ്ച നടന്ന പ്രതിഷേധ പരിപാടികള്‍ പൊതുവെ ശാന്തമായിരുന്നു. ഇപ്പോഴത്തെ കുഴപ്പം പിടിച്ച സാഹചര്യത്തില്‍, പ്രകോപിപ്പിക്കുന്ന രൂപത്തിലുള്ള ഭാഷ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖരായ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും മുഴു പേജ് പരസ്യം നിരവധി തുര്‍ക്കി പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നൊബേല്‍ ജേതാവ് ഓര്‍ഹാന്‍ പാമുക് അടക്കമുള്ളവര്‍ പരസ്യത്തില്‍ ഒപ്പ് വെച്ചിരുന്നു.
നിലവിലെ സാഹചര്യം കൂടുതല്‍ പ്രക്ഷുബ്ധമാണെന്നും ഇപ്പോഴത്തെ കുഴപ്പം പിടിച്ച സാഹചര്യങ്ങളുടെ മുഖ്യകാരണം പ്രസിഡന്റ് ത്വയ്യിദ് ഉര്‍ദുഗാനാണെന്നും അഭ്യര്‍ഥനയില്‍ പറയുന്നു.
സര്‍ക്കാറിനെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും മധ്യവര്‍ഗക്കാരും ഉന്നതവിദ്യാഭ്യാസമുള്ള സാമൂഹിക പ്രവര്‍ത്തകരുമാണ്. എന്നാല്‍ ഭീകരവാദികളുടെ സ്വാധീനത്തില്‍ കുടുങ്ങിയ കൊള്ളക്കാരെന്നാണ് ഉര്‍ദുഗാന്‍ ഇവരെ വിശേഷിപ്പിച്ചത്. രാജ്യദ്രോഹികളും ഇവരുടെ വിദേശങ്ങളിലുള്ള പിന്തുണക്കാരുമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍. സി എന്‍ എന്‍, ബി ബി സി പോലുള്ള വിദേശ മാധ്യമ സംവിധാനങ്ങള്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ വാര്‍ത്തകളിലൂടെ പൊതുജനങ്ങളെ ശത്രുതയിലേക്ക് നയിക്കുന്നുവെന്ന് കാണിച്ച് സി എന്‍ എന്‍ ഇന്റര്‍നാഷനലിനെതിരെ സര്‍ക്കാര്‍ അനുകൂല പത്രമായ തഖ്‌വീം പരാതി നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് ആന്‍ഡ് ഡവലെപ്‌മെന്റ് പാര്‍ട്ടി( എ കെ പി)ക്കെതിരെ അതിശക്തമായ സമരമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞടെപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് എ കെ പി അധികാരത്തിലെത്തിയിരുന്നത്. കഴിഞ്ഞ മെയ് 31ന് തഖ്‌സീം ചത്വരത്തിന് സമീപമുള്ള ഗസിപാര്‍ക്കിനെ സംരക്ഷിക്കാന്‍ ഒത്തുകൂടിയവരെ പോലീസ് നേരിട്ടതാണ് ഇപ്പോഴത്തെ സമരത്തിന് തിരികൊളുത്തിയതെങ്കിലും പിന്നീട് അത് സര്‍ക്കാര്‍ വിരുദ്ധ സമരമായി വളരുകയായിരുന്നു.