മുര്‍സി വിരുദ്ധ പ്രക്ഷോഭം: തഹ്‌രീര്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ തമ്പടിച്ചു

Posted on: July 1, 2013 12:20 am | Last updated: July 1, 2013 at 12:20 am
SHARE

കൈറോ: ഈജിപ്തിലെ രാഷ്ട്രീയ മാറ്റത്തിനും തുടര്‍ന്നുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്കും വേദിയായ തഹ്‌രീര്‍ ചത്വരം ഒരിക്കല്‍ കൂടി ജനനിബിഡമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ ഇന്നലെ ചത്വരത്തില്‍ ക്യാമ്പ് ചെയ്തു. 10 ലക്ഷം പേര്‍ ചത്വരത്തില്‍ എത്തിയെന്നാണ് സംഘാടകര്‍ പറയുന്നത്. വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും സ്വേച്ഛാധിപത്യപരമായി പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നുവെന്നും ആരോപിക്കുന്ന പ്രക്ഷോഭകര്‍ മുര്‍സി അധികാരമൊഴിയണമെന്നാവശ്യപ്പെട്ടാണ് തഹ്‌രീര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പ്രക്ഷോഭകര്‍ ചത്വരത്തില്‍ ടെന്റ് കെട്ടിയിട്ടുണ്ട്. മുര്‍സിവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പോസ്റ്ററുകളും ചത്വരത്തിലാകെ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കൈറോക്കടുത്തുള്ള നാസര്‍ സിറ്റിയില്‍ മുര്‍സി അനുകൂലികളും തമ്പടിച്ചിരിക്കുകയാണ്. നിയമപരമായി അധികാരത്തിലേറിയ പ്രസിഡന്റിനെ ഏത് വിധേനയും സംരക്ഷിക്കുമെന്നാണ് അവര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് രാജ്യചരിത്രത്തിലെ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന വോട്ടെടുപ്പിലൂടെ മുര്‍സി അധികാരത്തിലേറിയത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവാണ് മുര്‍സി. മുര്‍സി അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭമുയരുന്നത്.
തഹ്‌രീര്‍ ചത്വരത്തിന് പുറത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടികള്‍ക്കിടെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രധാന ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തംറദ് (ദി റിബല്‍) എന്ന സംഘടനയാണ്. തംറദിന് ഏറ്റവും താഴേ കിടയില്‍ വരെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മുര്‍സി രാജിവെച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് 2.20 കോടി ഒപ്പുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത് മുര്‍സി നേടിയ 1.23 കോടി വോട്ടുകളേക്കാള്‍ വളരെ കൂടുതലായതിനാല്‍ മുര്‍സിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സംഘടനയുടെ നേതാക്കള്‍ പറയുന്നു. ശനിയാഴ്ച അരങ്ങേറിയ സംഘര്‍ഷത്തില്‍ ഭരണകക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ രണ്ട് ഓഫീസുകള്‍ കത്തി നശിച്ചിരുന്നു. അലക്‌സാണ്ട്രിയയിലും ആഗയിലുമാണ് ഓഫീസുകള്‍ അഗ്നിക്കിരയായത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ് ആക്രമണം നടത്തിയതെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വക്താവ് ആരോപിച്ചിരുന്നു. സംഘര്‍ഷത്തില്‍ അമേരിക്കന്‍ അധ്യാപകന്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അത്യാവശ്യ കാര്യത്തിനല്ലാതെ ഈജിപ്തിലേക്ക് പോകരുതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തിന്റെ പാത വെടിഞ്ഞ് ചര്‍ച്ചകള്‍ക്ക് തയ്യാറാകാന്‍ പ്രതിപക്ഷ ഗ്രൂപ്പുകളോട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.